
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലുള്ളതാണ് വാഹനം, രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചൽ പ്രദേശിലാണ്. മാഹിന് വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധം ഉണ്ടോ എന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. നേരത്തെ, ഭൂട്ടാന്‍ വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ഇടുക്കിയിലും പരിശോധന നടന്നിരുന്നു.
ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നൽകുന്ന കാര്യത്തില്‍ തീരുമാനമായില്ല. ദുൽഖറിന്‍റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആര്‍ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയിൽ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.
ഇതിനിടെ, ഭൂട്ടാൻ വഴി വിദേശത്തുനിന്ന് നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam