
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി.
എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ജനറല്‍ ആശുപത്രിയിലാണ്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ നെഞ്ച് തുറക്കാതെ വാല്‍വ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയില്‍ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാര്‍ഡിയോളജി ഉള്‍പ്പെടെ 7 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 2 കാത്ത് ലാബുള്ള ആശുപത്രി, എന്‍.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. 10 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിന് പുറമേയാണ് എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സജ്ജമാകുന്നത്. കാര്‍ഡിയോളജി യൂണിറ്റ്, കാര്‍ഡിയോളജി ഐസിയു, വെന്റിലേറ്റര്‍, സുസജ്ജമായ ട്രാന്‍സ്പ്ലാന്റ് സംവിധാനങ്ങള്‍, അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് ഒരു സ്ഥാപനത്തിന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് നല്‍കുന്നത്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ട്ട് ഫെയ്‌ലര്‍ ക്ലിനിക് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലുമാണ് ഈ ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നത്. മരുന്ന് കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത, ഹൃദയത്തിന് തകരാറുള്ള രോഗികളെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ലിസ്റ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഇത് നടത്തുന്നത് ഹാര്‍ട്ട് ഫെയ്‌ലര്‍ ക്ലിനിക്കിലാണ്. അത്തരം രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനോടൊപ്പം അവയവം മാറ്റിവയ്ക്കല്‍ നടപടിയിലേക്ക് കടക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ വഴി മരണാനന്തര അവയവ ദാനത്തിലൂടെ ഹൃദയം ലഭ്യമാക്കാനായി രജിസ്റ്റര്‍ ചെയ്യുന്നു. രോഗിയുടെ ഹൃദയത്തിന്റെ വലിപ്പം, മെഡിക്കല്‍ മാനദണ്ഡങ്ങള്‍, ഹൃദയത്തിന്റെ ചേര്‍ച്ച എന്നിവ വിലയിരുത്തി അവയവം ലഭ്യമാകുന്ന മുറയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. വളരെയേറെ വെല്ലുവിളികളുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജനറല്‍ ആശുപത്രിയില്‍ സജ്ജമാകുന്നതോടെ അതൊരു ചരിത്ര നിമിഷമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam