Organ Donation| ബന്ധുക്കളെ വച്ചുമാറിയുള്ള അവയവദാനം: ഉറ്റബന്ധുകൾ വേണമെന്നില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Nov 16, 2021, 11:03 AM IST
Highlights

അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി.അടുത്ത ബന്ധുക്കൾ  ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
 

തിരുവനന്തപുരം: പരസ്പരം വച്ചുമാറിയുള്ള അവയവദാനം (swap transplantation) അഥവാ സ്വാപ് ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട സർക്കാർ മാർ​ഗ നിർദേശങ്ങളിലിടപെട്ട് ഹൈക്കോടതി (high court). പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് നിലവിലുള്ള  വ്യവസ്ഥകൾ പ്രാവർത്തികമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള ദാതാക്കൾ ഉറ്റബന്ധുക്കൾ ആയിരിക്കണണമെന്ന വ്യവസ്ഥ വേണ്ട. ഇത് നടപ്പിലാക്കാനാകാത്തതാണ്. ഇനി മുതൽ ഇത്തരം കേസുകളിൽ ഈ വ്യവസ്ഥ നോക്കാതെ തന്നെ അനുമതി പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചു.

അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി. അടുത്ത ബന്ധുക്കൾ  ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രക്ത​ഗ്രൂപ്പ് ചേരാത്തതതിനാൽ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള അനുമതി ഓതറൈസേഷൻ കമ്മറ്റി നിരസിച്ചതിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് എൻ നാ​ഗരേഷിന്റെ ഉത്തരവ്.

ഒരേസമയം അവയവദാനത്തിന് തയാറായെത്തുന്നവരിൽ രക്ത​ഗ്രൂപ്പ് ചേരാതെ വരുന്ന കേസുകളിൽ ചേരുന്ന രക്ത​ഗ്രൂപ്പുകൾ തമ്മിലെ അവയവദാനം നടത്തുന്നതാണ് സ്വാപ് ട്രാൻസ്പ്ലാന്റ് . മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യയുടെ അച്ഛനും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം , സലിമിന്റെ ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മൊയ്തീൻകുട്ടിക്കും സലീമിനും വൃക്ക മാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാകില്ല. എന്നാൽ ഇവരുടെ ദാതാക്കളുടെ രക്ത​ഗ്രൂപ്പുകളുമായി ചേരുന്നുമില്ല. തുടർന്നാണ് പരസ്പരം വച്ചുമാറിയുള്ള വൃക്കദാനത്തിനായി അനുമതി നൽകുന്ന ഓതറൈസേഷൻ കമ്മറ്റിയെ സമീപിച്ചത്.സ‌ലീമിന്റെ ഭാര്യ എന്ന നിലയിൽ അടുത്ത ബന്ധു എന്ന ​ഗണത്തിൽ ജമീല വരുമെങ്കിലും ഉമ്മർ ഫാറൂഖിനെ ആ ​ഗണത്തിൽ പെടുത്താനാകില്ലെന്നായിരകുന്നു ഓതറൈസേഷൻ കമ്മറ്റിയുടെ നിലപാട്. അനുമതി നിഷേധിക്കുകയും ചെയ്തു.ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപേക്ഷയിൽ എത്രയും വേ​ഗം തീരുമാനമെടുക്കാനും കോടതി ഓതറൈസേഷൻ കമ്മറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. 

അവയവദാനവുമായി ബന്ധപ്പെട്ട് പണമിടപാട് നടക്കുന്നതായുള്ള പരാതികൾ ഉയർന്നതോടെയാണ് പരസ്പരം വച്ചുമാറിയുള്ള അവയവദാനം അഥവാ സ്വാപ് ട്രാൻസ്പ്ലാന്റിന് കർ​ശന മാർ​ഗ നിർദേശം തയറാക്കി  2018 ഫെബ്രുവരി 15നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

click me!