Omicron : ആദ്യ ഒമിക്രോണ്‍ കേസ്, അതീവ ജാഗ്രതയോടെ കേരളം; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി

Published : Dec 12, 2021, 07:41 PM ISTUpdated : Dec 12, 2021, 07:55 PM IST
Omicron : ആദ്യ ഒമിക്രോണ്‍ കേസ്, അതീവ ജാഗ്രതയോടെ കേരളം; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി

Synopsis

യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്ന് ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അഭ്യർത്ഥിച്ചു. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. 

യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്ന് ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ (ഡിസംബര്‍ 13) കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു, രോഗബാധ എറണാകുളം സ്വദേശിക്ക്

മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ടിൽ പ്രത്യേക നിരീക്ഷണമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി അറിയിച്ചു

എന്താണ് ഒമിക്രോണ്‍?

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.

പരിശോധന എങ്ങനെ?

സാര്‍സ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാന്‍ സാധരണയായി ഉപയോഗിക്കുന്നതും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗമാണ് ആര്‍.റ്റി.പി.സി.ആര്‍. എങ്കിലും ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഒമിക്രോണ്‍ ജനിതക നിര്‍ണയ പരിശോധന നടത്തിയാണ്.

എങ്ങനെ സുരക്ഷിതരാകാം?

അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം.

വാക്‌സിനേഷന്‍ പ്രധാനം

വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്‌സിന്‍ നല്‍കുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൊവിഡിനെതിരെ സുരക്ഷ നല്‍കുവാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. കൊവിഡ് രോഗ തീവ്രത കുറയ്ക്കുവാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. അതിനാല്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വാക്‌സിന്‍ ഇതുവരെയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണം.

വൈറസുകള്‍ക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങള്‍ ഉണ്ടാകും. വകഭേദങ്ങള്‍ അപകടകാരികള്‍ അല്ലെങ്കില്‍ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതല്‍ പകര്‍ച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതല്‍ ശ്രദ്ധിക്കുക. വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കൊവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാല്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന