വിഴിഞ്ഞം തുറമുഖം: ആദ്യഘട്ട നിര്‍മ്മാണകരാര്‍ ഇന്ന് തീരും, അദാനിക്ക് മെല്ലെപ്പോക്ക്

By Web TeamFirst Published Dec 4, 2019, 6:26 AM IST
Highlights

പൈലിംഗും ഡ്രഡ്ജിംഗ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി ഇന്ന് തീരുമ്പോഴും അനിശ്ചിതത്വം മാറുന്നില്ല. പണി തീരാൻ അടുത്ത വർഷം ഡിസംബർ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സർക്കാറും മെല്ലെപ്പോക്കിലാണ്.

ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ബുസാൻ തുറമുഖം സന്ദർശിച്ചപ്പോൾ പുകഴ്ത്തിയത് നമ്മുടെ സ്വന്തം വിഴിഞ്ഞം തുറമുഖത്തിനറെ പ്രധാന്യം. കേരളത്തിലെ തുറമുഖവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും പിണറായി വിജയൻ അഭ്യർത്ഥിച്ചു. പക്ഷെ മുഖ്യമന്ത്രി ആവേശത്തോടെ പറഞ്ഞ വിഴിഞ്ഞത്ത് കരാർ കാലാവധി തീർന്നിട്ടും ഇപ്പോഴും കപ്പലെത്തിയില്ല

പൈലിംഗും ഡ്രഡ്ജിംഗ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. അടുത്ത ഡിസംബറിൽ തീരുമെന്ന് അദാനി പറയുമ്പോഴും സർക്കാർ ഇത് വരെ കാലാവധി നീട്ടിയിട്ടില്ല. 

ഓഖിദുരന്തം അടക്കമുള്ള പല കാരണം പറഞ്ഞ അദാനി സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പ്രകാരമുള്ള ഇനിയുള്ള 3 മാസം സർക്കാറിന് അദാനി നഷ്ടപരിഹാരം നൽകേണ്ട. പക്ഷെ 3 മാസം കഴിഞ്ഞാൽ പിന്നെ ഒരോ ദിവസവും 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി സർക്കാറിന് നൽകണം. പക്ഷെ സർക്കാർ ഇപ്പോഴും നിലപാട് കൃത്യമായി വ്യക്തമാക്കുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെങ്കിലും കപ്പലെത്തണമെന്നാണ് സർക്കാറിൻറെ ഇപ്പോഴത്തെ മോഹം. അതിനാല്‍ തന്നെ അദാനിയെ പിണക്കാൻ സര്‍ക്കാര്‍ തയ്യാറുമല്ല. അദാനി മെല്ലെപ്പോക്ക് തുടരുമ്പോൾ പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള സർക്കാറിന്‍റെ ഉന്നതാധികാരസമിതി നോക്കുകുത്തിയായി മാറുന്നു. മുഖ്യമന്ത്രിക്കൊപ്പം ബുസാൻ തുറമുഖം സന്ദർശിച്ച ചീഫ് സെക്രട്ടറിയാണ് ഈ സമിതിയുടെ തലവൻ.

click me!