ഷെയ്ൻ നിഗത്തിന്റെ വിലക്ക്; തുടർ ചർച്ചകൾ നീളും

By Web TeamFirst Published Dec 3, 2019, 8:35 PM IST
Highlights
  • മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന ഉപ്പ് ഷെയ്നില്‍നിന്ന് കിട്ടിയാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ളൂവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു
  • പ്രശ്നം പരിഹരിക്കാൻ താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്

തിരുവനന്തപുരം: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമാ വിവാദത്തിൽ തുടർ ചർച്ചകൾ നീളും. പ്രശ്നം പരിഹരിക്കാൻ താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്.

ഷെയ്ൻ അജ്‌മീറിലായതാണ് കാരണം. താരം മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കുകയാണ് അമ്മ. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന ഉപ്പ് ഷെയ്നില്‍നിന്ന് കിട്ടിയാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ളൂവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും 'അമ്മ'ക്കും ഫെഫ്ക കത്ത് നൽകിയിരുന്നു. എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചർച്ച നടത്തണമെന്നും മുടങ്ങിയ സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സിനിമയില്‍ നിന്ന് ഷെയ്‍ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്ടേഴ്സ് യൂണിയന്‍ ഇടപെട്ടിരുന്നു.  കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിരുന്നു.

ഷെയ്ന്‍ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

click me!