ജനനനിരക്കിലെ കുറവ്; ഒന്നാം ക്ലാസ്സില്‍ 7737 കുട്ടികളും കുറഞ്ഞു

By Web TeamFirst Published Sep 4, 2019, 7:21 PM IST
Highlights

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മൊത്തം കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കൂടിയതിന്റെ കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. ക്ലാസ്സുകൾ തിരിച്ചുള്ള വിവരം കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 7737 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3,24533 ആണ്. എന്നാൽ, ഈ വർഷം 3,16796 ആയി കുറഞ്ഞു. സർക്കാർ സ്കൂളിലെ ഒന്നാം ക്ലാസ്സിൽ കുറഞ്ഞത് 59 വിദ്യാർഥികള്‍ മാത്രമാണ്.

ആറാം പ്രവർത്തിദിവസത്തെ സമ്പൂർണ്ണമായ കണക്കാണ് ഇന്നലെ വെബ്സൈറ്റ് വഴി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. അതേസമയം, ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മൊത്തം കുട്ടികളുടെ എണ്ണം മുൻ വർഷത്തെക്കാൾ കൂടിയതിന്റെ കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ ഇത്തവണ കൂടിയത് 23094 കുട്ടികളാണ്. എയ്ഡഡ് സ്കൂളുകളിൽ 4587 കുട്ടികളുടെ വർധനയുണ്ടായി.

ക്ലാസ്സുകൾ തിരിച്ചുള്ള വിവരം കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടത്. പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് കൂടിയതിന്റെ പ്രാഥമിക വിവരം സ്കൂൾ തുറന്ന ആഴ്ച നൽകിയിരുന്നു. അതേസമയം, അൺ-എയ്ഡഡിൽ കുറഞ്ഞത് 14,104 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങി, കഴിഞ്ഞ രണ്ട് വർഷവും ഒന്നാം ക്ലാസ്സിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയിരുന്നു. ജനനനിരക്കിലുണ്ടാകുന്ന കുറവാണ് ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിലെയും കുറവിനുള്ള കാരണമായി വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. 
 

click me!