കോട്ടയത്ത് കായലിലും പുഴകളിലും തോടുകളിലും അടക്കം പരിശോധന; 6 പേർ പിടിയിൽ; നടപടി അനധികൃത മീൻപിടിത്തം തടയാൻ

Published : Sep 29, 2025, 05:38 PM IST
Illegal Fishing Kottayam

Synopsis

കോട്ടയം ജില്ലയിൽ അനധികൃത മീൻപിടുത്തം തടയുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് കർശനമാക്കി. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ നിരോധിത മാർഗ്ഗങ്ങളായ അരളിവല, മടവല എന്നിവ ഉപയോഗിക്കുന്നത് തടയാൻ ഊർജ്ജിത പരിശോധനകൾ നടത്തുന്നു.

കോട്ടയം: അനധികൃത മീൻപിടുത്തത്തിനെതിരെ കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും കർശനമാക്കി. വേമ്പനാട് കായൽ, പുഴകൾ, തോടുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗങ്ങളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് പരിശോധന. മത്സ്യബന്ധനത്തിനുപയോഗിച്ച വള്ളങ്ങൾ പിടിച്ചെടുക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് വിറ്റ് പണം സർക്കാരിലേക്ക് മുതൽകൂട്ടി.

വേമ്പനാട്ട് കായലിൽ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടി.വി.പുരം, തണ്ണീർമുക്കം ഭാഗങ്ങളിലാണ് ഒരു മാസത്തിനിടെ പരിശോധന നടത്തിയത്. രാത്രികാല പട്രോളിംഗിൽ അരളിവല എന്ന അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. തണ്ണീർമുക്കം മേഖലയിൽ ആറ് പേരെ പിടികൂടി. വൈക്കം മേഖലയിൽ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്തിൽ മോട്ടോർതറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി.

അരളിവല ഉപയോഗിച്ചുള്ള മീൻപിടിത്തം കായലിലെ കരിമീൻ സമ്പത്ത് കുഞ്ഞുങ്ങളടക്കം നശിക്കാൻ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. കേരളാ ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളിൽ ഊത്തപിടിത്തവും അനധികൃത മത്സ്യബന്ധനവും കർശനമായി വിലക്കി. അനധികൃതമായി മടവല സ്ഥാപിക്കുന്നത് സ്വാഭാവിക പ്രജനനത്തെ തടസ്സപ്പെടുത്തും. മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിന് കാരണമാവും. മീനുകളുടെയും മറ്റു ജലജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് ബാധിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും ഇല്ലാതാകുമെന്ന് ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായ ഊത്തപിടിത്തവും വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവര എന്നിവ ഉപയോഗിച്ചുള്ള മീൻപിടുത്തവും തടയുന്നതിന് ജില്ലയിലാകെ ഊർജ്ജിത പരിശോധനകൾ നടത്തുന്നുണ്ട്. കിഫാ നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളെടുക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ. മുജീബ് അറിയിച്ചു. അനധികൃത മീൻപിടിത്തത്തിനെതിരേ മീൻപിടിത്തം പ്രധാന ഉപജീവനമാർഗമായ മത്സ്യത്തൊഴിലാളികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഇത്തരം നടപടികൾ- ശ്രദ്ധയിൽപെട്ടാൽ 0481-2566823 എന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഞ്ജലി ദേവി, ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ രാജ്മോഹൻ, ഫിഷറീസ് ഓഫീസർമാരായ ഐശ്വര്യ സലി, സി.കെ. സ്മിത, പി.എ. ജിഷ്ണു, സി.ബി. വിപിൻ, ഓഫീസ് അസിസ്റ്റൻറ് ജെ. ഗിരീഷ്, ഡ്രൈവർ സ്വാതീഷ് എന്നിവർ പങ്കെടുത്തു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ