
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കനത്ത മഴയിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കടലിൽ കാണാതായി. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കടലിൽ സ്ഥാപിച്ചിരുന്ന ലൈഫ് ബോയയിൽ പിടിച്ചു കിടന്ന മറ്റൊരാളെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇന്നലെ അർധരാത്രിക്കു ശേഷം വിഴിഞ്ഞത്തു നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ ഉള്ളിലുണ്ടായ അപകടത്തിൽ പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്‍റണി തദയൂസ്(52) ആണ് മരിച്ചത്.
പുല്ലുവിള സ്വദേശി സ്റ്റെല്ലസി (45) നെയാണ് കടലിൽ കാണാതായത്. പുല്ലുവിള കൊച്ചുപള്ളി സ്വദേശി പുഷ്പദാസൻ, വിഴിഞ്ഞം സ്വദേശി മുത്തപ്പൻ എന്നിവരാണ് നീന്തി കരയിലെത്തിയത്. തമിഴ്‌നാട് സ്വദേശി റജിൻ (40) നെ മറ്റ് വള്ളക്കാർ രക്ഷിച്ച് കരയിലെത്തിച്ചു. കടലിൽ സ്ഥാപിച്ചിരുന്ന ബോയയിൽ പിടിച്ച് മണിക്കൂറുകളോളം കിടക്കുകയായിരുന്നു ഇയാൾ. ആന്‍റണിയുടെ മൃതദേഹം പൂവാർ ഭാഗത്തെ തീരത്ത് അടിയുകയായിരുന്നു. കാണാതായ സ്‌റ്റെല്ലസിനായി തിരച്ചിൽ തുടരുകയാണെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കോസ്‌റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആന്‍റണിയുടെ മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam