
ആലപ്പുഴ: അമ്പലപ്പുഴ പായൽക്കുളങ്ങരയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സന്തോഷിനെയാണ് കണ്ടെത്തിയത്. കാലിൽ കയറ് കുരുങ്ങിയതിനെ തുടര്‍ന്നാണ് സന്തോഷ് കടലിൽ വീണത്. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം വൈകിട്ട് നാല് മണിക്കാണ് അപകടം.
മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വള്ളം തീരത്തടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. റോപ്പുമായി ബന്ധിപ്പിച്ച ആങ്കർ വള്ളത്തിൽ നിന്ന് സഹപ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്‍റെ കാലിൽ കുരുങ്ങി കടലിൽ വീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ 5.45 ഓടെ സന്തോഷിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ് , നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന പത്തിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നാളെ (സെപ്തംബര്‍ ആറ്) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.