മണ്ണെണ്ണ സബ്‍സിഡി നിലച്ചു; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

By Web TeamFirst Published Jul 11, 2019, 3:39 PM IST
Highlights

ട്രോളിങ്ങ് നിരോധനം കഴിഞ്ഞാല്‍ മാത്രമേ വറുതിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ക്ക് കരകയറാന്‍ കഴിയുകയുള്ളു.നിരോധനം തീരുന്നതോടെ കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യതൊഴിലാളികള്‍.

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്‍സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നത് നിര്‍ത്തിയതോടെ സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ ദുരിതത്തിലായി. ലിറ്ററിന് മൂന്നിരട്ടി വില നല്‍കിയാണ് പൊതു വിപണിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ വള്ളങ്ങള്‍ക്കായി മണ്ണെണ്ണ വാങ്ങുന്നത്. 

ട്രോളിങ്ങ് നിരോധനം കഴിഞ്ഞാല്‍ മാത്രമേ വറുതിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ക്ക് കരകയറാന്‍ കഴിയുകയുള്ളു. നിരോധനം തീരുന്നതോടെ കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യതൊഴിലാളികള്‍. എന്നാല്‍ ബോട്ടുപയോഗത്തിനായി മണ്ണെണ്ണക്ക് തീവില നല്‍കണം.

സബ്‍സിഡിയില്‍ ലിറ്ററിന് 20 രൂപക്ക് മണ്ണെണ്ണ കിട്ടിയിരുന്നു. എന്നാല്‍ ഇത് മുടങ്ങിയിട്ട് നാളേറെയായി. അറുപത്തെട്ടു മുതല്‍ 80 രൂപവരെ ലിറ്ററിന് നല്‍കിയാണ് മണ്ണെണ്ണ വാങ്ങുന്നത്. ബജറ്റില്‍ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. കേന്ദ്ര സബ്‍സിഡി ഇല്ലാതായതോടെ സംസ്ഥാന സര്‍ക്കാരായിരുന്നു ആശ്രയം. ലിറ്ററിന് 25  രൂപയായിരുന്ന സബ്‍സിഡിയും മുടങ്ങി.

പെര്‍മിറ്റ് പുതുക്കുന്ന നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് സബ്‍സിഡി മുടങ്ങാന്‍ കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം മീന്‍പിടുത്ത വള്ളങ്ങളിലെ തൊഴിലാളികളെയാണ് മണ്ണെണ്ണ സബ്‍സിഡി മുടങ്ങിയത് ദുരിതത്തിലാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയും ഡീസലും മത്സ്യമേഖലക്ക് പ്രതേക വിഹിതമായി അനുവദിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. 

click me!