
കൊല്ലം : നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.
പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻടിഎ നിയോഗിച്ച ഒബ്സര്‍വറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ പെണ്‍കുട്ടികൾ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എൻടിഎക്ക് കത്ത് നൽകിയ വ്യക്തിയാണ് പ്രജി കുര്യൻ ഐസക്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പെണ്‍കുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. കരഞ്ഞു കൊണ്ട് നിന്ന ഒരു വിദ്യാര്‍ഥിനിക്ക് ഷാൾ എത്തിച്ച് നൽകിയതും പ്രജി തന്നെയാണ്.
അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പൊലീസിന് മൊഴി നൽകിയിരുന്നു. ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്. സംഭവത്തിൽ കൂടുതൽ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
കൊല്ലം: നീറ്റ് പരീക്ഷയിൽ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും ജോബി ജീവൻ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്. ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തത്.
Read Also: നീറ്റ് പരീക്ഷാർത്ഥികളുടെ വസ്ത്രധാരണത്തെക്കുറിച്ച് എൻടിഎ നിർദ്ദേശങ്ങളെന്തൊക്കെ?
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിദ്യാർത്ഥികളെ പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അടിവസ്ത്രം അടക്കം അഴിക്കാൻ പരിശോധന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണ്. നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളവർ നിരപരാധികളാണെന്നും ജോബി ജീവന്‍ പറഞ്ഞു. ജോബി ജീവന്റെ മകൾ അടക്കമുള്ളവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.