
തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്നും ടോഡി ബോർഡ് താത്പര്യ പത്രം ക്ഷണിച്ചു. ഷാപ്പും റെസ്റ്റോറൻറും വെവ്വേറെയായിരിക്കും പ്രവർത്തിക്കുക. കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി ബോർഡ് ചെയർമാൻ യു.പി.ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കള്ളുഷാപ്പുകള്‍ക്ക് ഫോർ സ്റ്റാർ, ഫൈ സ്റ്റാർ പദവിയാണ് നൽകുന്നത്. സ്വന്തമായി സ്ഥലമുള്ളതോ, പാട്ടത്തിനെടുത്തവർക്കോ സ്റ്റാർ പദവിക്ക് അപേക്ഷിക്കാം. സർക്കാർ ടൂറിസം മേഖലകളായ വിജ്ഞാപനം ചെയ്ത മേഖലകളിലാണ് പഞ്ചനക്ഷത്ര ഷാപ്പുകള്‍ വരുന്നത്. സെപ്റ്റംബര്‍ 30വരെ അപേക്ഷ നൽകാം.
20 സീറ്റുകളും, 400 ചതുശ്ര ഏരിയയുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. റെസ്റ്റോറൻറും ഷാപ്പും വെവ്വേറെയാണ് പ്രവർത്തിക്കേണ്ടത്. അടുത്തുള്ള രണ്ട് സ്ഥാപനങ്ങളിലേക്കും പ്രത്യേക വഴിയുണ്ടായിരിക്കണം. ശുചിമുറിയും, കുട്ടികള്‍ക്ക് പാർക്കുമുണ്ടാകണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ബോർഡ് പരിശോധിച്ച് സ്റ്റാർ പദവി നൽകും. ബോർഡ് വിജ്ഞാപനമിറക്കിയിരിക്കുന്ന ഭക്ഷണം നൽകുമെന്ന് ഉറപ്പു നൽകണം. അബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളുണ്ടാകണം. തെങ്ങുകളില്ലാതെ പശ്ചാത്തല സൗകര്യമാത്രമാണുള്ളതെങ്കിൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും ബോർഡ് ഇടപെട്ട് കള്ള് പഞ്ചനക്ഷത്ര ഷാപ്പുകളിലെത്തിക്കും.
കള്ളുഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നൽകുന്നതിനൊപ്പം കള്ള് കുപ്പികളിലാക്കി വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് ടോഡി ബോര്‍ഡ് ചെയര്‍മാൻ യുപി ജോസഫ് പറഞ്ഞു.കള്ളു ചെത്താനുള്ള പരിശീലനം, ഷാപ്പിലെ തൊഴിലാളികള്‍ എന്നിവയും നടത്തിപ്പുകാർക്ക് ആവശ്യമെങ്കിൽ ബോർഡ് നൽകും. ആറു വർഷത്തേക്കാണ് സ്റ്റാർ പദവി നൽകുന്നത്. കള്ളിന്‍റെ മൂല്യവർദ്ധിത ഉൽപ്പനങ്ങളാണ് അടുത്ത ലക്ഷ്യമെന്നും ബോർഡ് ചെയർമാൻ പറയുന്നു. കള്ള് കേടുകൂടാതെ കുപ്പികളിലാക്കി സ്റ്റോളുകള്‍ വഴി വിൽപ്പന നടത്താനായി കമ്പനികളെ ക്ഷണിക്കലാണ് അടുത്ത ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam