
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എഎ റഹീം എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനായിരുന്നു ശ്രമം എന്നും ഇത് സഹയാത്രികരുടെ സുരക്ഷയ്ക്ക് കൂടെ വെല്ലുവിളിയായെന്നും പരാതിയിൽ ആരോപിക്കുന്നു.
വിമാനം റാഞ്ചാനായിരുന്നോ ശ്രമമെന്ന് വിമാനത്തിലുണ്ടായിരുന്നവർ ഭയന്നുപോയെന്ന് പരാതിയിലുണ്ട്. ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച ഉണ്ടായത് ഗുരുതരമായ പിഴവാണ്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി വിഷയത്തിൽ എത്രയും വേഗം അന്വേഷണം പ്രഖ്യാപിക്കണം. ഇതിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണം. ഈ സംഭവം ഗൗരവമായി കണ്ടില്ലെങ്കിൽ സമാനമായ സംഭവങ്ങൾ വിമാനങ്ങൾക്കകത്ത് വീണ്ടും ഉണ്ടാകും. അതിവേഗം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എഎ റഹീം എംപി കത്തിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്ത് പ്രതിഷേധം ഉണ്ടായതോടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും പരാതി ഉയർന്നു. കലാപ ആഹ്വാനത്തിന് ശ്രമം എന്ന് ആരോപിച്ച് സിപിഎം നേതാവ് സിപി പ്രമോദാണ് പാലക്കാട് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. സ്വർണക്കടത്ത് കേസിൽ നേരത്തെ കൊടുത്ത മൊഴികൾക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി, സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ സ്വപ്ന ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്താൻ സ്വപ്ന സുരേഷ് ശ്രമിക്കുന്നെന്ന് പരാതിയിൽ പറയുന്നു. സ്വപ്ന സുരേഷ് പറയുന്ന തെറ്റായ കാര്യങ്ങൾ ചിലരെ സ്വാധീനിക്കുന്നു. ചിലർ വിശ്വാസത്തിൽ എടുത്ത് ആക്രമണത്തിന് മുതിരുന്നു. നിലവിലെ ആക്രമണങ്ങൾക്ക് കാരണം സ്വപ്ന കൊടുത്ത തെറ്റായ മൊഴിയാണ്. ഇത് അന്വേഷിച്ച് പൊലീസ് സത്യം പുറത്തു കൊണ്ടുവരണം എന്നാണ് പരാതിയിൽ പ്രമോദ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു സിപി പ്രമോദ്.