പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ ശുപാർശ

By Web TeamFirst Published Jun 10, 2020, 12:02 PM IST
Highlights

മുഖ്യപ്രതി വിഷ്ണുപ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കണമെന്നും കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശ 

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ട് ജില്ലാ കളക്ടർ എസ് സുഹാസ് ജോയിന്റ് ലാൻഡ് കമ്മീഷണർക്ക് ഇന്ന് കൈമാറും. കേസിൽ മുഖ്യപ്രതിയായ വിഷ്ണുപ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിഷ്ണുപ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കണമെന്നും കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
 
പ്രളയഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണത്തിൽ കളക്ടർക്ക് അതൃപതിയുണ്ടെന്നാണ് സൂചന. ഫണ്ട് തട്ടിപ്പ് കൈക്കാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പരിശോധനയ്ക്കുമായി റവന്യൂ അന്വേഷണസംഘം ഇന്ന് എറണാകുളം കലക്ട്രേറ്റിലെത്തി പരിശോധന നടത്തും. ജോയിൻ്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിനായി എത്തുന്നത്. കേസിലെ മുഖ്യപ്രതി വിഷണു പ്രസാദിനെ ഇന്ന് 11 മണിക്ക് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

എറണാകുളം കലക്ട്രേറ്റ് കേന്ദ്രീകരിച്ചു നടന്ന പ്രളയ ഫണ്ട് തട്ടിപ്പിലെ മൂന്നാം പ്രതി എ.എം.അൻവർ, നാലാം പ്രതി കൗലത്ത് അൻവ‍‍ർ എന്നിവരോട് അടുത്ത പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോ​ഗസ്ഥൻ മുൻപാകെ ഹാജരാകാൻ കേരള ഹൈക്കോടതി നി‍ർദേശം നൽകി. അന്നേ ദിവസം തന്നെ ഇരുവരേയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി നി‍ർദേശിച്ചു. 

കൗലത്ത് അൻവറിന് അന്നു തന്നെ ജാമ്യം നൽകണം. എ.എം.അൻവറിൻ്റെ കാര്യത്തിൽ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഇരുവരും സമ‍‍ർപ്പിച്ച മുൻകൂ‍ർ ജാമ്യഹ‍ർജിയിലാണ് ഹൈക്കോടതിയുടെ പുതിയ നി‍‍‍ർദേശം. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്  എ.എം അൻവർ.  അതേസമയം പ്രളയഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കുകയാണ് സിപിഎം എന്ന് കോണ്ഗ്രസ് നേതാവ് വിഡി സതീശൻ ആരോപിച്ചു. കേസ് അന്വേഷണം വൈകിപ്പിച്ചതിലൂടെ നിർണായകമായ രേഖകൾ നഷ്ടപ്പെട്ടെന്നും ഫണ്ട് തട്ടിപ്പിൽ പങ്കുള്ള മറ്റു സിപിഎം നേതാക്കളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും സതീശൻ പറഞ്ഞു. 

click me!