പരസ്യത്തിൽ കാണിച്ച വീട് പോലും പൂര്‍ത്തിയായില്ല; പിണറായി സര്‍ക്കാരിന്‍റെ പ്രളയ പുരനധിവാസം പ്രഖ്യാപനത്തിൽ ഒതുങ്ങി

By Web TeamFirst Published Jun 19, 2019, 10:25 AM IST
Highlights

നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥ, പ്രളയ പുനരധിവാസത്തിനായി പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ അവകാശ വാദങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു "കരകയറാത്ത നവകേരളം"

കോഴിക്കോട്: പ്രളയ പുനരധിവാസത്തിന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതി വഴിയിൽ. പ്രളയം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രളയബാധിതരിൽ പലരും പെരുവഴിയിലാണ്. തകര്‍ന്ന വീടുകൾ പുനര്‍നിര്‍മ്മിച്ച് നൽകുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സംസ്ഥാനത്തിന്‍റെ പല മേഖലകളിലും നടപ്പായിട്ടില്ല. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരിൽ പലരും ഇപ്പോഴും കഴിയുന്നത് ബന്ധുവീടുകളിലും മറ്റുമാണ്. 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഔദ്യോഗികമായി ഷെയര്‍ ചെയ്ത സര്‍ക്കാര്‍ പരസ്യത്തിൽ നിന്നാണ് തുടക്കം. 228 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മാറുന്നു എന്നും പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കുമെന്നും ഫെബ്രുവരി 25 ന് ഷെയര്‍ ചെയ്ത എഫ്ബി പോസ്റ്റിൽ പറയുന്നു. ആദ്യഘട്ടത്തിൽ 2000 വീടുകളാണ് പദ്ധയിലുള്ളതെന്ന് അറിയിക്കുന്ന പരസ്യത്തിൽ പ്രളയത്തിൽ തകര്‍ന്ന വീടിന്‍റെ ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഈ വീടിന്‍റെ അവസ്ഥ മുൻനിര്‍ത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഷെയര്‍ചെയ്ത പരസ്യത്തിൽ കാണിക്കുന്ന വീട് കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ടിലാണ്. സുബൈദയുടെ വീടിന്‍റെ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണം തുടങ്ങുന്നതും. 

ഈ ചിത്രത്തിൽ കാണുന്നയാളാണ് പുതുക്കി പണിതെന്ന് സര്‍ക്കാര്‍ പറയുന്ന വീടിന്‍റെ ഉടമസ്ഥയായ സുബൈദ. വീടിന്‍റെ അവസ്ഥ ചോദിച്ചാൽ സുബൈദയുടെ കണ്ണു നിറയും, വാക്കുകൾ വിതുമ്പും. പുനര്‍ നിര്‍മ്മിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന വീട് തൽക്കാലത്തേക്ക് പോലും കയറിക്കിടക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കാൻ സുബൈദയ്കക്കും കുടുംബത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 

വീടും വീട്ടുപകരണങ്ങളും ഒന്നും തിരിച്ച് കിട്ടാത്ത വിധം പ്രളയമെടുത്തിട്ടും സുബൈദക്ക് കിട്ടിയ സര്‍ക്കാര്‍ സഹായം നാളിത് വരെ ഒരു ലക്ഷം രൂപമാത്രമാണ്. സുബൈദയുടെ വാക്കുകൾ കടമെടുത്താൽ ഒരു സ്പൂൺ പോലും പ്രളയം വീട്ടിൽ ബാക്കിയാക്കിയില്ല. പേരിന് കിട്ടിയ സര്‍ക്കാര്‍ സഹയാം കൊണ്ട് നാളിത് വരെയായി വീടിന്‍റെ തറപണി മാത്രമാണ് പൂര്‍ത്തിയായത്. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പരസ്യം ചെയ്തത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹായവും സുബൈദയ്കക്ക് കിട്ടാത്ത അവസ്ഥയുണ്ട്. പണിപൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ പരസ്യം പറയന്നുണ്ടല്ലോ എന്നാണ് സഹായം ചോദിച്ചെത്തുമ്പോൾ കിട്ടുന്ന മറുപടിയെന്നും സുബൈദ പറയുന്നു. 

മഴവരുമ്പോൾ സുബൈദയ്ക്ക് പേടിയാണ്. മാനത്ത് മഴക്കാറ് തെളിയമ്പോൾ സുബൈദ തകര്‍ന്ന് വീണ വീടിന്‍റെ പകുതിയിൽ നിന്ന് ഇറങ്ങി ബന്ധുവീട്ടിലെവിടെ എങ്കിലും അഭയം തേടും. എപ്പോൾ വേണമെങ്കിലും ഇറങ്ങി ഓടാൻ പാകത്തിൽ കണ്ണടയും മൊബൈലും അടക്കം അത്യാവശ്യ സാധനങ്ങളും അടങ്ങിയ ഒരു പ്ലാസ്റ്റിക് കവറും എപ്പോഴും കയ്യെത്തും ദൂരത്ത് സൂക്ഷിക്കേണ്ട ഗതികേടിലാണെന്നും സുബൈദ പറയന്നു. 

ഇത് സുബൈദയുടെ മാത്രം അനുഭവമല്ല. സര്‍ക്കാരിന്‍റെ പ്രളയ പുനരധിവാസ പദ്ധതികൾ എവിടെ വരെയായി എന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണാണ് കരകയറാത്ത കേരളം എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഉദ്ദേശിക്കുന്നത്. പ്രളയപുനരധിവാസത്തിന്‍റെ യഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വാര്‍ത്തകൾ വരും ദിവസങ്ങളിലും ഉണ്ടാകും. 

 

click me!