വനാതിർത്തികളിൽ സ്ഥാപിക്കുന്ന എഐ ക്യാമറകൾ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് തത്സമയം മുന്നറിയിപ്പ് നൽകും. നെറ്റ്‌വർക്ക് ഇല്ലാത്തയിടങ്ങളിലും ഇവ പ്രവർത്തിക്കും.

തിരുവനന്തപുരം: വനാതിർത്തികളിൽ കാട്ടാനകളുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിരീക്ഷണ സംവിധാനവുമായി കേരള വനംവകുപ്പ്. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോർസ് ഗ്രൂപ്പും ടാറ്റ കമ്മ്യൂണിക്കേഷൻസും ചേർന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇതിനായുള്ള ധാരണാപത്രം ഇരുകൂട്ടരും ഒപ്പുവെച്ചു.

സർക്കാരിന്റെ ‘മിഷൻ റിയൽ ടൈം മോണിറ്ററിംഗ്’ എന്ന ദൗത്യാധിഷ്ഠിത പദ്ധതിയുടെ ഭാഗമായാണ് ഈ പൈലറ്റ് പ്രോജക്റ്റ്. വനാതിർത്തികളിലും മനുഷ്യവാസ മേഖലകളോട് ചേർന്ന പ്രദേശങ്ങളിലുമുള്ള അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിത ഇടപെടൽ സാധ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വനാതിർത്തികളിൽ അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും. ഇവ തത്സമയം ദൃശ്യങ്ങൾ വിശകലനം ചെയ്ത് കാട്ടാനകളുടെ സാന്നിധ്യമോ ചലനമോ കണ്ടെത്തുന്ന നിമിഷം തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്പോൺസ് ടീമുകൾക്കും (പിആർടി) മൊബൈൽ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നൽകും. ഇതോടെ ആനയിറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞ് ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും.

നെറ്റ്‌വർക്ക് ഇല്ലാത്ത കാടുകളിലും അലർട്ട്

മൊബൈൽ നെറ്റ്‌വർക്ക് തീരെയില്ലാത്ത ഉൾക്കാടുകളിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന ലോറവാൻ (LoRaWAN – Long Range Wide Area Network) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദീർഘദൂര കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഈ സംവിധാനം, കവറേജ് പ്രശ്നങ്ങൾ മറികടന്ന് കൃത്യമായ തത്സമയ മുന്നറിയിപ്പുകൾ ഉറപ്പാക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

സ്ഥലം മാറ്റാവുന്ന ക്യാമറകൾ: എളുപ്പത്തിൽ അഴിച്ചുമാറ്റി മറ്റ് സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കാവുന്ന പ്രത്യേക തൂണുകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സംഘർഷ സാധ്യത മാറുന്നതനുസരിച്ച് സംവിധാനം പുതിയ ഇടങ്ങളിലേക്ക് മാറ്റാം.

സംസ്ഥാന വ്യാപനം : പൈലറ്റ് പദ്ധതി വിജയകരമായാൽ, ഓരോ വന ഡിവിഷനിലും കുറഞ്ഞത് 20 യൂണിറ്റുകൾ വീതം സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും.

ഭാവിയിൽ മറ്റ് വന്യമൃഗങ്ങൾക്കും : തുടക്കത്തിൽ കാട്ടാനകളുടെ നിരീക്ഷണത്തിനായാണ് സംവിധാനം ഉപയോഗിക്കുന്നത്. പിന്നീട് കടുവ, പുലി തുടങ്ങിയ മറ്റ് സംഘർഷസാധ്യതയുള്ള വന്യമൃഗങ്ങളെയും കണ്ടെത്താൻ പ്ലാറ്റ്‌ഫോം വികസിപ്പിക്കും.

തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് വനം മേധാവി രാജേഷ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കേരള വനംവകുപ്പിന് വേണ്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന് വേണ്ടി ജനറൽ മാനേജറും ഹെഡ് – ബയോഡൈവേഴ്സിറ്റിയുമായ ഡോ. നവീൻ പാണ്ഡേ, ടാറ്റ കമ്മ്യൂണിക്കേഷൻസിന് വേണ്ടി ഡെപ്യൂട്ടി ജനറൽ മാനേജർ (IoT & Private Networks) സിദ്ധാർത്ഥ് ചിബ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഡോ. എൽ. ചന്ദ്രശേഖർ ഐ.എഫ്.എസ്., എ.പി.സി.സി.എഫ്. (ഫോറസ്റ്റ് മാനേജ്മെന്റ്), ശ്രവൺ കുമാർ വർമ്മ ഐ.എഫ്.എസ്., സി.സി.എഫ്. & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CAMPA), കാർത്തികേയൻ ഐ.എഫ്.എസ്., സി.സി.എഫ്. (ഇക്കോഡെവലപ്‌മെന്റ് & ട്രൈബൽ വെൽഫെയർ) & മെംബർ സെക്രട്ടറി SFDA, ഡോ. സി. മീനാക്ഷി ഐ.എഫ്.എസ്., സി.എഫ്. & പി.സി.സി.എഫ്. & സി.ഡബ്ല്യു.ഡബ്ല്യു.വിന്റെ സാങ്കേതിക ഉപദേഷ്ടാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വന്യജീവി സംഘർഷ ലഘൂകരണത്തിൽ ഈ സാങ്കേതിക പദ്ധതി ഒരു നിർണായക നാഴികക്കല്ലായിരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കുന്ന ‘പ്രോജക്റ്റ് മാക്സിമസ്’ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ സംരംഭം.