
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല പിങ്ക് ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. യുഡിഎഫ് സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സിപി ജോൺ നിർവഹിക്കും. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് നടത്തുക. കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങൾ വഴിയാകും ബസ് സർവീസ് നടത്തുക. രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.
രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' എന്ന സംഘടന നൽകിയ നിവേദനവും പരിഗണിച്ചാണ് സർവീസ്. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസിനായി നിലവിൽ അനുവദിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ സാധാരണ ബസുകൾ ഇല്ലാത്തതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും. സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാൻ കെ എസ് ആർ ടി സി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സി പി ജോൺ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam