
ചെന്നൈ: ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ മാറുന്നതായി തമിഴ്നാട് കാലാവസ്ഥ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് നിന്ന് അകന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും തമിഴ്നാട് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച്ചയോടെ തീരം തൊടാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും വരും മണിക്കൂറുകളിൽ മാത്രമേ വ്യക്തതയാവുകയുള്ളുവെന്നും അറിയിപ്പ്.
ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത അടുത്ത 24 മണിക്കൂറിൽ വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമടക്കം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏഴ് ജില്ലകളില്‍ യെല്ലോ ആലേര്‍ട്ട് തുടരുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലെർട്ട് മുന്നറിയിപ്പ്.
ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേ സമയം ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതിനായി 15 നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പും കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam