
മലപ്പുറം: തിരൂരിലെ മീൻ മാര്‍ക്കറ്റില്‍ കണ്ട അജ്ഞാത പെട്ടി മണിക്കൂറുകള്‍ ആശങ്ക പടര്‍ത്തി. ഒടുവില്‍ ബോംബ് സ്ക്വാഡ് എത്തിയാണ് ആശങ്ക അവസാനിപ്പിച്ചത്.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീരമേഖലകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതിനിടയിലാണ് രാവിലെ ഒമ്പത് മണിയോടെ തിരൂരിലെ മീൻ മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ഈ പെട്ടി കാണുന്നത്. വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
ആശങ്ക കനത്തതോടെ പൊലീസെത്തി ആളുകളെ മാര്‍ക്കറ്റില്‍ നിന്നൊഴിപ്പിച്ചു. 11 മണിയോടെ മലപ്പുറത്തുനിന്ന് ബോംബ് സ്ക്വാഡെത്തി. ബോംബാണെങ്കില്‍ നിര്‍വീര്യമാക്കാനുള്ള ലക്ഷ്യത്തോടെ പെട്ടി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. എല്ലാവിധ മുൻകരുതലുകളോടെ തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍നിന്ന് കോഴി മാലിന്യം പുറത്തുചാടിയത്.
ആശങ്ക ഒഴിഞ്ഞെങ്കിലും സംഭവം തമാശയായി കാണാൻ പൊലീസ് ഒരുക്കമല്ല. ആളുകളെ പരിഭ്രാന്തരാക്കാൻ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതിയെ തപ്പുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam