'ഭക്ഷ്യവിഷബാധ തുട‍ര്‍ക്കഥ, ജനം ഭീതിയിൽ, പരിശോധന കർശനമാക്കണം': പ്രതിപക്ഷ നേതാവ് 

Published : Jan 17, 2023, 08:34 PM ISTUpdated : Jan 17, 2023, 08:40 PM IST
'ഭക്ഷ്യവിഷബാധ തുട‍ര്‍ക്കഥ, ജനം ഭീതിയിൽ, പരിശോധന കർശനമാക്കണം': പ്രതിപക്ഷ നേതാവ് 

Synopsis

പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കൊച്ചി : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് സതീശൻ വിമര്‍ശിച്ചു. പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സംഭവം അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നവർക്ക് മതിയായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയും ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതൊന്നും ഇല്ലെന്നാണ് നിലവിലെ വിവരം. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടൽ നഗരസഭ പൂട്ടിച്ചിട്ടുണ്ട്. മേഖലയിൽ പരിശോധന ശക്തമാക്കാൻ  ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ : കൂടുതൽ പേര്‍ ചികിത്സയിൽ, 65 പേര്‍ വിവിധ ആശുപത്രികളിൽ

പറവൂരിൽ കുഴിമന്തി കഴിച്ച അറുപതിലേറെ പേര്‍ക്കാണ്  ഭക്ഷ്യവിഷബാധയേറ്റത്. പറവൂർ ടൗണിലെ മജ്ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. മജിലിസ് ഹോട്ടലുടമസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് പറവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും, കടുത്ത ക്ഷീണവുമാണ് ഏവർക്കും അനുഭവപ്പെട്ടത്. 

പറവൂരിലെ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്