
തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീർ. സുധീറിന്‍റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയാണ് സുധീറും കുടുംബവും ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലെറ്ററിലേക്ക് മാറ്റിയിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് സുധീർ മരിച്ചത്. ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്‍റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽനിന്നും മത്സ്യം വാങ്ങി കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.27 പേർ അന്ന് ആശുപത്രിയിൽ ചികിത്സതേടിയതായാണ് വിവരം. ഇതിൽ സുധീറിന്‍റെ കുടുംബത്തിലെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ചാകരയിൽ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വിൽപ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം. കൂടാതെ, വറ്റ മത്സ്യം ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam