
തിരുവനന്തപുരം: പഴകിയ ഭക്ഷണവും മായവും കണ്ടെത്താൻ അവധി ദിവസത്തിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റേയും തദ്ദേശസ്ഥാപനങ്ങളുടേയും പരിശോധന. തുടർച്ചയായ ഏഴാം ദിവസമാണ് ഹോട്ടലുകളിലും ബേക്കറിയിലും മീൻചന്തകളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ വ്യാപക പരിശോധന നടക്കുന്നത്. തിരുവനന്തപുരത്ത് സംഘം തിരിഞ്ഞ് രാത്രിയും പകലുമായി പരിശോധന നടക്കുകയാണ്. മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം മേഖലകളിലെ പരിശോധനയിൽ പഴകിയ ഇറച്ചിയും മീനും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറിൽ സൂക്ഷിച്ചവയിൽ വാങ്ങിയ തിയതിപോലും രേഖപ്പെടുത്തിയിട്ടില്ല. പഴയ കറികൾക്കൊപ്പം സൂക്ഷിച്ച ഇറച്ചിയും നശിപ്പിച്ചു. പൂട്ടിയ കടകൾ തുറക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം നിബന്ധനകൾ കർശനമാക്കി.
സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന നടക്കുന്നതിനിടയിലാണ് മീനില്‍ പുഴുവിനെ കണ്ടെത്തിയത്. വൈകിട്ട് മുതുവിള സ്വദേശി ബിജു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ മീൻ തിരികെ കൊടുത്ത് പണം തിരികെ വാങ്ങി. ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല.സംഭവമറിഞ്ഞ സുഹൃത്തുക്കൾ കളക്ടറേറ്റില്‍ പരാതി നൽകിയതോടെ വില്ലേജ് ഓഫീസറും വെഞ്ഞാറമൂട് പൊലീസും എത്തി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് വിഷബാധയേറ്റിരുന്നു.