സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്നും പരിശോധന തുടരും; മിക്കയിടത്തും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലെന്ന് കണ്ടെത്തൽ

Published : Jun 07, 2022, 09:00 AM IST
സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്നും പരിശോധന തുടരും; മിക്കയിടത്തും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലെന്ന് കണ്ടെത്തൽ

Synopsis

മൂന്ന് സ്കൂളികളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാ‍ർത്ഥികൾ ചികിത്സ തേടിയതിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനക്കായി മന്ത്രിമാർ തന്നെ ഇന്നലെ സ്കൂളുകളില്‍ നേരിട്ടെത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പരിശോധനകൾക്ക് നിർദേശം ലഭിക്കാത്തതിനാൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഒറ്റയ്ക്കാണ് പ്രവർത്തനം. പരാതികളുള്ള സ്കൂളുകൾ കേന്ദ്രീകരിച്ചാകും പരിശോധന. മിക്ക സ്കൂളുകളിലും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സ്കൂളുകളിലെ പരിശോധനാ ഫലം കിട്ടാൻ മൂന്ന് ദിവസം കൂടി വേണ്ടി വരും. ഇതോടൊപ്പം ഹോട്ടലുകളിലേയും മത്സ്യ മാർക്കറ്റുകളിലേയും പരിശോധനയും തുടരാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം.

മൂന്ന് സ്കൂളികളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാ‍ർത്ഥികൾ ചികിത്സ തേടിയതിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനക്കായി മന്ത്രിമാർ തന്നെ ഇന്നലെ സ്കൂളുകളില്‍ നേരിട്ടെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തിയത്. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ യു പി സ്കൂളിലെത്തിയ  ഭക്ഷ്യമന്ത്രി, പാചകപ്പുരയിലെ ശുചിത്വം പരിശോധിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും പരിശോധിച്ച മന്ത്രി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് പാചകത്തൊഴിലാളികൾക്ക് നിർദ്ദേശവും നൽകി. കഴിഞ്ഞ ദിവസത്തേത്ത് ഭക്ഷ്യവിഷബാധയല്ലെന്നാണ് പ്രാഥമിക നിഗമനം. 

പഴകിയ ധാന്യങ്ങളെന്ന ആരോപണമുയർന്നതിനാൽ കാലപ്പഴക്കമുൾപ്പെടെ പരിശോധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ  രക്ഷിതാക്കളുടെതുൾപ്പെടെയുളള ജനകീയ ഇടപെടലും വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തലസ്ഥാനത്തെ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിശോധന. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ