
ദില്ലി: കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ അഭിമാനമാകാൻ എൻസിസി ബാൻഡ് സംഘം. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ആൺകുട്ടികളുടെ ബാൻഡ് സംഘം പരേഡിൽ അണിനിരക്കുന്നത്. 174 പേരാണ് കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് ഇത്തവണ ദില്ലിയിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്. വാദ്യോപകരണങ്ങളെ വരുതിയിലാക്കിയ 45 ചുണക്കുട്ടികൾ. കൊടും തണുപ്പിലും ദില്ലിയിൽ പരേഡിനുള്ള പരിശീലനം തകൃതിയാണ്. മാസങ്ങൾ നീണ്ട പരിശ്രമം. ഒടുവിൽ അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് രാജ്യം ഉറ്റുനോക്കുന്ന വേദിയിൽ സംഭവിക്കുന്നത്.
ഇതിൽ 29 പേരും തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളാണ്. റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംഘം ദേശീയ യുദ്ധ സ്മാരകത്തിൽ ബാൻഡ് അവതരിപ്പിച്ച് അഭിവാദ്യം അർപ്പിച്ചു. ധീരജവാന്മാർക്കുള്ള മ്യൂസിക്കൽ സല്യൂട്ട്. കഴിഞ്ഞ വർഷം ആദ്യമായി കേരളത്തിലെ പെൺകുട്ടികളുടെ ബാൻഡ് സംഘം പരേഡിൽ അണിനിരന്നിരുന്നു. ദേശീയ തലത്തിൽ അഞ്ച് ബാൻഡ് സംഘങ്ങളാണ് ദില്ലിയിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കണം.
തലസ്ഥാന നഗരത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയ പതാക ഉയർത്തും. കരസേന, വ്യോമസേന, പോലീസ്, അശ്വാരൂഢസേന, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തുകയും പോലീസ്, ഹോം ഗാർഡ്സ്/ എൻ.സി.സി. സ്‌കൗട്ട്സ് എന്നിവയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam