
ആലപ്പുഴ: വന്ദേഭാരതിന് വേണ്ടി ട്രെയിനുകള്‍ ഏറെ നേരം പിടിച്ചിടുന്നതുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് വായ മൂടിക്കെട്ടി യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ – എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് രാവിലെ മെമു ട്രെയിനില്‍ കറുത്ത മാസ്കണിഞ്ഞ് യാത്ര ചെയ്തത്. എ എം ആരിഫ് എം പിയും യാത്രക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഒറ്റവരി പാത മാത്രമുള്ള ആലപ്പുഴ - എറണാകുളം റൂട്ടില്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് കണക്കില്ല. പ്രത്യേകിച്ച് ജോലിക്കും പഠനത്തിനും പോകുന്ന സ്ഥിരം യാത്രക്കാര്‍. ട്രെയിന്‍ പിടിച്ചിടുന്നതും വൈകി ഓടുന്നതും പതിവ് കാഴ്ചയാണ്. ഇതിന് പുറമേ വന്ദേഭാരത് കൂടി എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. വന്ദേഭാരതിന് കടന്നുപോകാന്‍ ചെറിയ സ്റ്റേഷനുകളില്‍ ഒരു മണിക്കൂര്‍ വരെ പിടിച്ചിടുന്നുവെന്നാണ് പരാതി. ഇത് മൂലമുളള പ്രശ്നങ്ങള്‍ നിരവധി. പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് യാത്രക്കാര്‍ കറുത്ത് മാസ്കിട്ട് വായ മൂടിക്കെട്ടി രാവിലെ മെമു ട്രെയിനില്‍ യാത്ര ചെയ്തത്.
വന്ദേഭാരതിന് മുമ്പ് ആറ് മണിക്കാണ് ട്രെയിന്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. വന്ദേഭാരതിന് ശേഷം 6.05 ആക്കി. മാത്രമല്ല 40 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ കുമ്പളമെന്ന് പറയുന്ന അടിസ്ഥാന സൗകര്യമില്ലാത്ത സ്റ്റേഷനില്‍ പതിവായി പിടിച്ചിടുന്നു. ആദ്യ ഘട്ട സമരമെന്ന രീതിയിലാണ് വായ്മൂടിക്കെട്ടിയും കറുത്ത മാസ്ക് ധരിച്ചും പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തിയും ബാഡ്ജ് ധരിച്ചും പ്രതിഷേധിക്കുന്നത്. പരാതി നല്‍കിയതിലുള്ള പ്രതികാരമായി ട്രെയിന്‍ 6.05ന് പകരം 6.25നാണ് ഇപ്പോള്‍ പുറപ്പെടുന്നതെന്നും യാത്രക്കാര്‍ വിശദീകരിച്ചു.
പാത ഇരട്ടിപ്പിക്കുന്നതിലൂടെയേ അടിസ്ഥാനപരമായ പരിഹാരമുണ്ടാവൂ എന്ന് എ എം ആരിഫ് എംപി പ്രതികരിച്ചു. പാത ഇരട്ടിപ്പിക്കലിന് അനുകൂലമായ നിലപാട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2660 കോടി രൂപയാണ് എറണാകുളം - അമ്പലപ്പുഴ പാതയ്ക്കായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടര വര്‍ഷമെങ്കിലും എടുക്കും പൂര്‍ത്തിയാവാന്‍. അതിനു മുന്‍പ് വന്ദേഭാരത് വന്നതിനു ശേഷമുണ്ടായ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam