
കാസർകോട്: കാസർകോട് നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ കെയർ ടേക്കറുടെ നിർബന്ധിത പണപ്പിരിവെന്ന് പരാതി. കെയർ ടേക്കർ ഷാജുവിനെതിരെയാണ് പരാതിയുമായി രണ്ട് കരാർ ക്ലീനിംഗ് ജീവനക്കാരികൾ രംഗത്തെത്തിയത്. എല്ലാ മാസവും 7,000 രൂപ വീതം ഷാജു വാങ്ങുമെന്നും കഴിഞ്ഞ നാല് വർഷമായി ഇത് തുടരുന്നുവെന്നും തൊഴിലാളികളായ ശോഭനയും ബിന്ദുവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന 13,000 രൂപയിൽ നിന്നാണ് ഈ പിടിച്ചുപറിയെന്നും സ്‌റ്റേഡിയത്തിലെ മറ്റ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്, പണം വാങ്ങുന്നത് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന് കെയർ ടേക്കർ പറഞ്ഞതായും ക്ലീനിങ് തൊഴിലാളികൾ പറയുന്നു.
നിലവില്‍ ഇവർ കായിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പിടിച്ചുവാങ്ങിയ പണം തിരിച്ച് ലഭിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് ക്ലീനിങ്ങ് തൊഴിലാളികളുടെ ആവശ്യം. ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് കെയർ ടേക്കർ ഷാജു ഇവരില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. എന്നാല്‍ തികച്ചും വ്യാജമായ പരാതിയാണിത് എന്നാണ് കെയർ ടേക്കർ രാജു പറയുന്നത്. സ്റ്റേഡിയത്തില്‍ അനധികൃതമായി ഒരു യുവാവ് താമസിക്കുന്നുണ്ട് അത് താൻ റിപ്പോർട്ട് ചെയ്തിരുന്നു അതിന്‍റെ വൈരാഗ്യത്തില്‍ തയ്യാറാക്കുപ്പെട്ട പരാതിയാണിത് എന്നാണ് പ്രതികരണം.
വിഷയത്തില്‍, നീലേശ്വരം മുൻസിപ്പാലിറ്റി ചെയർമാൻ മുഹമ്മദ് റാഫി പ്രതികരിച്ചു. ഇത്തരം ഒരു പരാതിയെക്കുറിച്ച് ഇന്നാണ് അറിയുന്നത്. ഏകദേശം 18 കോടിയോളം രൂപ ചിലവഴിച്ചാണ് നീലേശ്വരത്ത് ഈ സ്റ്റേഡിയം നിർമ്മിച്ചത്. നിർമ്മാണ വേളയില്‍ തന്നെ സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് നഗരസഭയ്ക്ക് വിട്ടുതരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന പ്രത്യേക സമിതി രൂപീകരിച്ചാണ് നടത്തിപ്പിന് നൽകിയത്. അതുകൊണ്ട് തന്നെ ഇത്തരം പരാതികൾ വരുമ്പോൾ ഇടപെടാനുള്ള സാഹചര്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam