നവോത്ഥാനത്തെ എതിർത്ത ജീർണ്ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്: മുഖ്യമന്ത്രി

By Web TeamFirst Published Nov 7, 2019, 7:50 PM IST
Highlights

വിശ്വാസത്തിന്‍റെ കാര്യത്തിൽ ജീർണശക്തികള്‍ കടന്നുവരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ സംഘനയായ  ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: നവോത്ഥാനത്തെ എതിർത്ത ജീർണ്ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസത്തിന്‍റെ കാര്യത്തിൽ ജീർണശക്തികള്‍ കടന്നുവരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ സംഘടനയായ  ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ, നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കാൻ തീരുമാനം വന്നിരുന്നു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ്‌ സംഘടനാസംവിധാനത്തിന്‍റെ ഘടനയിൽ മാറ്റം വരുത്തിയത്‌.

സമിതി രജിസ്‌റ്റർ ചെയ്യാനും തിരുവനന്തപുരത്ത്‌ ഓഫീസ്‌ സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങളെ ആസ്‌പദമാക്കി ഡിസംബറിൽ ക്യാമ്പസുകളിൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. 2020 ജനുവരിയിൽ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്തും.

നവോത്ഥാന നായകരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്‌ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്‌ഥലങ്ങളിലൂടെയും യാത്ര കടന്നപോകും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്‌ നാടിനെ സജ്ജമാക്കുകയാണ്‌ യാത്രയുടെ ലക്ഷ്യം.

click me!