നിപ ജാഗ്രത: വിദേശമരുന്ന് നല്‍കാന്‍ നടപടി തുടങ്ങി, എയിംസ് സംഘം കൊച്ചിയില്‍

Published : Jun 04, 2019, 10:48 AM ISTUpdated : Jun 04, 2019, 10:52 AM IST
നിപ ജാഗ്രത: വിദേശമരുന്ന് നല്‍കാന്‍ നടപടി തുടങ്ങി, എയിംസ് സംഘം കൊച്ചിയില്‍

Synopsis

ഓസ്ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന മരുന്നുകള്‍ നിപ വൈറസ് സ്ഥിരീകരിച്ച ആളില്‍ നല്‍കണമെങ്കില്‍ നിയമപരമായി ചില ചട്ടങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്.കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മരുന്ന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ ആവശ്യമാണ്.

കൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കേന്ദ്ര സംഘം ഇന്നലെ തന്നെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ദില്ലി എയിംസില്‍ നിന്നുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘമാണ് കൊച്ചിയില്‍ ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. 

ഇന്ന് ചുമതലേയേല്‍ക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാവിലെ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുമായി ഫോണില്‍ സംസാരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ടീച്ചര്‍ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ച കേന്ദ്രആരോഗ്യമന്ത്രി നിപയെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്തു. നിപവൈറസിനെതിരെ കണ്ടു പിടിച്ച വിദേശ നിര്‍മ്മിത മരുന്ന് എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ടീച്ചര്‍ക്ക് ഉറപ്പ് നല്‍കി. 

2018-ല്‍ കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തഘട്ടത്തില്‍ റിബാവറിന്‍ എന്ന മരുന്നാണ് പ്രധാനമായും രോഗികള്‍ക്ക് നല്‍കിയത്. ഈ മരുന്ന് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതു കൂടാതെ ആസ്ട്രേലിയന്‍ നിര്‍മ്മിത മരുന്നും കേരളത്തിലുണ്ട്. നിപ വൈറസിനെതിരെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച പ്രത്യേക തരം ആന്‍റിബോഡി പൂണെയില്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടു പിടിച്ച ഈ മരുന്ന് ഇന്ത്യയില്‍ ഇതു വരെ മനുഷ്യരില്‍ ഉപയോഗിച്ചിട്ടില്ല. 

ഓസ്ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന മരുന്നുകള്‍ നിപ വൈറസ് സ്ഥിരീകരിച്ച ആളില്‍ നല്‍കണമെങ്കില്‍ നിയമപരമായി ചില ചട്ടങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മരുന്ന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഷൈലജ ടീച്ചറെ അറിയിച്ചിട്ടുണ്ട്. 

ഇതോടൊപ്പം രോഗിയുടെ കുടുംബാംഗങ്ങള്‍ മരുന്ന് ഉപയോഗിക്കുന്നതിന് രേഖാമൂലം അനുമതി നല്‍കുകയും വേണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കും പ്രകാരം മരുന്നുകള്‍ രോഗിക്ക് നല്‍കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ