വിദേശ എംബിബിഎസ്:കേരളത്തിലെ പരിശീലനവും സ്ഥിര രജിസ്ട്രേഷനും പ്രതിസന്ധിയിൽ,തിരിച്ചടിയായത് ദേശീയ കമ്മിഷൻ തീരുമാനം

By P R PraveenaFirst Published Nov 30, 2022, 11:40 AM IST
Highlights

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഒരു വർഷത്തിലേറെയായി ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിയതും തുടരുന്നതുമായ കുട്ടികളുടെ ഹൌസ് സർജൻസിക്ക് അംഗീകാരം നഷ്ടമാകും. ഇവരുടെ ഉന്നത പഠനവും സ്ഥരം രജിസ്ട്രേഷനും ഉടൻ നടക്കില്ല. ഇതിനെതിരെയാണ് ഹൌസ് സർജന്മാർ സമരം തുടങ്ങിയത്

 

കൊച്ചി : വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി വന്ന കുട്ടികളുടെ ഭാവി പ്രതിസന്ധിയിൽ. വിദേശ എംബിബിഎസ് പഠനം കഴിഞ്ഞവരുടെ ഇന്‍റേൺഷിപ്പ് മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി നിജപ്പെടുത്തിയതോടെയാണിത്. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ തീരുമാനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ചതോടെ നിലവിൽ കേരളത്തിൽ ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിര രജിസ്ട്രേഷനടക്കം കാര്യങ്ങളും തുലാസിലാണ്. 

വിദേശ എംബിബിഎസ് പഠനം കഴിഞ്ഞ് വരുന്നവരുടെ പരിശീലനം മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി ചുരുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവ് ഇറങ്ങിയത് ഇക്കഴിഞ്ഞ ഒക്ടോബറിൽ . 2021 മുതൽ ഉള്ള പരിശീലന കാലയളവ് ഉത്തരവിൽ ഉൾപ്പെടും.ഇതോടെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിയതും തുടരുന്നതുമായ കുട്ടികളുടെ ഹൌസ് സർജൻസിക്ക് അംഗീകാരം നഷ്ടമാകും. ഇവരുടെ ഒരു വർഷത്തിലേറെ സമയവും നഷ്ടമാകും. ഇതോടെയാണ് വിദേശ പഠംന കഴിഞ്ഞെത്തി നിർബന്ധിത പരിശീലനം തുടരുന്ന കുട്ടികൾ സമര രംഗത്തേക്കിറങ്ങിയത്.

വിദേശ രാജ്യങ്ങളിലെ എം ബി ബി എസ് കഴിഞ്ഞെത്തുന്നവർ ആദ്യം നാഷണൽ ഫോറിൻ ​ഗ്രാജ്വേറ്റ് മെഡിക്കൽ പരീക്ഷ പാസാകണം. ഈ  പരീക്ഷ പാസായാൽ താൽകാലിക രജിസ്ട്രേഷൻ ലഭിക്കും. ഇത് വച്ച് വേണം ഇവിടെ പരിശീലനത്തിന് അപേക്ഷ നൽകാൻ . പരിശീലനം കൂടി പൂർത്തിയായാൽ മാത്രമേ സ്ഥിര രജിസ്ട്രേഷനും ലഭിക്കു. 

പുതിയ ഉത്തരവ് ഇറങ്ങും മുമ്പ് വരെ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10ൽ താഴെ സർക്കാർ ജില്ലാ ജനറൽ ആശുപത്രികളിൽ ഫോറിൻ മെഡിക്കൽ ​ഗ്രാജ്വേറ്റ്സിന് പരിശീലനത്തിന് അവസരം നൽകിയിരുന്നു. ഇവിടങ്ങളിൽ ഹൌസ് സർജൻസി ചെയ്യുന്നവരാണ് പുതിയ നിയമത്തോടെ പരിശീലനം കഴിയാറായെങ്കിലും യോഗ്യത ഇല്ലാത്തവരായി മാറുന്നത്. തുടർ പഠനവും സ്ഥിരം രജിസ്ട്രേഷനും ഇവർക്ക് വലിയ കടമ്പയായി മാറും.നിയമത്തിന് മുൻകാല പ്രാബല്യം നൽകാതിരുന്നാൽ ഇവർക്ക് വർഷങ്ങൾ പാഴായിപ്പോകുന്ന അവസ്ഥ ഒഴിവാക്കാം 

ഇക്കാര്യത്തിൽ സംസ്ഥാന മെഡിക്കൽ കൌൺസിൽ ദേശീയ മെഡിക്കൽ കമ്മിഷനെ കൃത്യമായ വിവരം ധരിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ നിലവിൽ ഹൌസ് സർജൻസി ചെയ്യുന്ന വിദേശ എംബിബിഎസ് ബിരുദധാരികളായ കുട്ടികളുടെ ഭാവി ഇരുളടയും. ഉന്നതവിദ്യാഭ്യാസത്തിന് ഉടനടി സാധിക്കില്ല. സ്ഥിരം രജിസ്ട്രേഷനും നേടാനാകില്ല

കേരളത്തിൽ പരിശീലനം ലഭിക്കാൻ മൂന്നും നാലും വർഷം രജിസ്റ്റർ ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ തന്നെ ഉള്ളത്. രാജ്യത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ നിന്ന് എംബിബിഎസ് പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പരിശീലനം നൽകുന്നതിനാൽ കൂടുതൽ പേരെ ഉൾക്കൊള്ളാനും ഇവിടുത്തെ മെഡിക്കൽ കോളജ് ആശുപത്രികൾക്കാകില്ല.  അതേസമയം നിലവിൽ അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 ഫോറിൻ മെഡിക്കൽ ​ഗ്രാജ്വേറ്റ്സ് കുട്ടികളെ കൂടി ഉൾപ്പെടുത്താമെന്നാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്.

വിദേശ രാജ്യങ്ങളിൽ നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കി കേരളത്തിലെത്തുന്ന മെഡിക്കൽ വിദ്യാർഥികളുടെ ഇന്റൺഷിപ്പിനായി ഫീസ് ഈടാക്കരുതെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശവും കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. രണ്ട് തവണകളിലായി കമ്മിഷൻ നിർദേശം കേരളത്തിന് അയച്ചെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതോടെ വിദേശ സർവകലാശാലകളിൽ നിന്ന് മെഡിസിൻ ബിരുദം നേടിയെത്തിയ വിദ്യാർഥികൾക്ക് ലക്ഷങ്ങളാണ് ഈ വകയിൽ ചെലവാകുന്നത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കുട്ടികൾക്ക് ഫീസ് അടക്കുന്നതിന് സ്റ്റേ കിട്ടിയിട്ടുണ്ട് 

ആരോഗ്യപ്രവർത്തകർ സംരക്ഷിക്കപ്പെടേണ്ടവർ, ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ്; തല്ലുകൊണ്ട് ഗതികെടുമ്പോൾ നിയമം ഫയലിൽ!

click me!