Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവർത്തകർ സംരക്ഷിക്കപ്പെടേണ്ടവർ, ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ്; തല്ലുകൊണ്ട് ഗതികെടുമ്പോൾ നിയമം ഫയലിൽ!

ആശുപത്രി സംരക്ഷണ നിയമം നിലവിലുള്ള നാട്ടിലാണ് സർക്കാരിന്‍റെ മൂക്കിൻതുമ്പിൽ ആരോഗ്യ പ്രവർത്തകരിങ്ങനെ തലങ്ങും വിലങ്ങും മർദനമേൽക്കുന്നത്. 

hospital protection bill freeze
Author
First Published Nov 27, 2022, 7:23 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. 6മാസത്തെ കണക്ക് നോക്കിയാൽ 5 ഇടത്ത് ആണ് ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് ആക്രമിക്കപ്പെടുന്നതിലേറെയും. ഇതിൽ തന്നെ വനിത ഡോക്ടർമാരാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നതിൽ ഭൂരിഭാഗവും.സ്ത്രീ സംരക്ഷണത്തിന് നാടുനീളെ പരിപാടികൾ സംഘടിപ്പിക്കുന്ന സർക്കാരിനും സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ട വനിത കമ്മിഷനും ഇതൊന്നും അറിയാറേ ഇല്ല. ആശുപത്രി സംരക്ഷണ നിയമം നിലവിലുള്ള നാട്ടിലാണ് സർക്കാരിന്‍റെ മൂക്കിൻതുമ്പിൽ ആരോഗ്യ പ്രവർത്തകരിങ്ങനെ തലങ്ങും വിലങ്ങും മർദനമേൽക്കുന്നത്. 

ഏറ്റവും ഒടുവിൽ , ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭരണസിരാ കേന്ദ്രത്തിന് വലിയ അകലത്തിലല്ലാത്ത , പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി വിഭാഗത്തിൽ വനിത പിജി ഡോക്ടറെ രോഗിയുടെ ബന്ധു വയറിൽ ചവിട്ടി വീഴ്ത്തിയത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മരണ വിവരം അറിയിക്കവെ ആണ് രോഗിയുടെ ഭർത്താവായ കൊല്ലം സ്വദേശി സെന്തിൽകുമാർ വനിത ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. സിസിടിവി ദൃശ്യങ്ങളും സെന്തിൽകുമാറിന്‍റെ അഡ്രസും അടക്കം വിശദാംശങ്ങൾ ഉൾക്കൊളളിച്ച് പരാതി നൽകിയെങ്കിലും ഒറ്റപ്പെട്ട അക്രമം ആയി അതും പൊലീസ് ഫയലിൽ ഉറങ്ങുകയാണ്. അടിയന്തര നടപടിക്ക് നിർദേശം നൽകേണ്ടവർപോലും ഇടപെട്ടിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.

6 മാസത്തിനകം 6 കേസുകളാണ് ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ആക്രമിക്കപ്പെട്ടതിലേറെയും ഡോക്ടർമാർ.

ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം ഡോക്ടർമാർക്കെതിരെ ഉണ്ടായത് രണ്ട് ആക്രമണങ്ങൾ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും. ഓ പി സമയം കഴിഞ്ഞതിനു ശേഷവുംരോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടർ ആണ് തിരുവനന്തപുംര ജനറൽ ആശുപത്രിയിൽ കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർക്ക് ഗുരുതര പരിക്കും ഏറ്റു.  
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിലാണ് ഡോക്ടറെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് മർദനമേറ്റത് സെപ്റ്റംബർ മാസത്തിൽ. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നിന്ന് ഒരു ഡോക്ടറെ വിളിച്ചിറക്കി ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരു സഹപാഠിക്ക് ഡോക്ടറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാരോപിച്ചായിരുന്നു മർദനം.

സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണ സംവിധാനമടക്കം വാക്സിനേഷനില്‍ വൻ മാറ്റങ്ങൾ, വിദഗ്ധ സമിതി ശുപാര്‍ശ

കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡോക്ടറും നഴ്സും ആക്രമിക്കപ്പെട്ടത് ഇക്കഴിഞ്ഞ ജൂണിൽ.കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം.ഗുരുതരമായി പരിക്കേറ്റ നഴ്സിനും ഡോക്ടർക്കും കിടത്തി ചികിൽസയും വേണ്ടിവന്നു. ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു സുരക്ഷിത മേഖലയെന്ന് പേരുള്ള ആശുപത്രിയിൽ കയറിയുള്ള ആക്രമണം. 

hospital protection bill freeze

ഫെബ്രുവരിയിൽ മർദനത്തിന് ഇരയായത് ആലപ്പുഴ നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ. ഡോക്ടറെ തല്ലിയത് നിയമം നടപ്പിലാക്കേണ്ട പൊലീസുകാരനും.ഡോക്ടര്‍മാരെ കൂടാതെ സെക്യൂരിറ്റി ജീവനക്കാരടക്കം ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ്ഐ നേതാക്കൾ.കേസെടുക്കാതെ ഒളിച്ചുകളിച്ച പൊലീസ് ഒടുവിൽ നടപടികളുമായി എത്തിയപ്പോഴേക്കും പ്രതികളെല്ലാം ഒളിവിൽ കോടതി വരെ രൂക്ഷ വിമർശനം നടത്തിയ സംഭവത്തിൽ പേരിന് അറസ്റ്റും കീഴടങ്ങലുമൊക്കെ പിന്നീട് ഉണ്ടായെങ്കിലും ശിക്ഷ ഇതിലും ഉണ്ടാകില്ലെന്ന് കേസിന്‍റെ പോക്കുകണ്ടാൽ മനസിലാകുമെന്ന ആരോപണം ശക്തമാണ്.

കഴിഞ്ഞ വർഷത്തെ കേസുകൾ നോക്കിയാൽ ഡോക്ടറെ തല്ലിയവരുടെ കൂട്ടത്തിൽ ജനപ്രതിനിധികൾ വരെ ഉണ്ട്. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത് ശൂരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. മട്ടാഞ്ചേരി കരുവേലിപ്പലി സർക്കാർ ആശുപത്രിയിൽ അസഭ്യവർഷത്തിനിരയായത് വനിത ഡോക്ടറും. ഇങ്ങനെ ഡോക്ടർമാർക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ രജിസ്റ്റർ ചെയ്തത് 43 കേസുകളായിരുന്നു. ഇതിൽ തന്നെ പത്തിലേറെ കേസുകളിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ബാക്കി ഉളളവരാകട്ടെ അറസ്റ്റ് ചെയ്യാനെടുത്ത സമയത്തേക്കാൾ വേഗത്തിൽ ജാമ്യത്തിലിറങ്ങി പോകുകയും ചെയ്തു.അതായത് പേരിനു പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നോ ഉറപ്പാക്കിയിട്ടില്ലെന്നോ ചുരുക്കം.

ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ നിയമം അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്  ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ ഇവിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വാസ്തവം

ആശുപത്രികളെല്ലാം പ്രത്യേക സുരക്ഷാ മേഖലയിലാണെന്ന് നിയമം പറയുന്നു. എന്നാല്‍ ഈ സുരക്ഷാ മേഖലയിൽ പരസ്യമായി കയറി ഒരു ഭയപ്പാടുമില്ലാതെ അക്രമം നടത്തി ഇറങ്ങുന്നതാണ് കാണുന്നത്. നിയമം നടപ്പിലാക്കേണ്ട സർക്കാരും പൊലീസും അക്രമികളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതരത്തിലാണ് ഇടപെടുന്നതെന്ന പരാതി ശക്തമാണ്

ആശുപത്രികൾക്കും ആരോ​ഗ്യപ്രവ‍ർത്തക‍ർക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകൾ ഇങ്ങനെയാണ്

ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ ഐപിസി 353 പ്രകാരം 2 വർഷം തടവ്
ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയാലോ,സംസാരിച്ചാലോ ഐപിസി 504 പ്രകാരം രണ്ട് വർഷം തടവ്
ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 506 പ്രകാരം മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം
ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്താൽ  ഐപിസി 332,333 അനുസരിച്ച് മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം
ആശുപത്രി വസ്തുവകകൾ നശിപ്പിച്ചാൽ ഐപിസി 427 അനുസരിച്ച് 2 വർഷം തടവ്
ആശുപത്രിക്കുള്ളിൽ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച് കയറുകയോ ചെയ്താൽ ഐപിസി 141,143 പ്രകാരം 6മാസം തടവ് . ഇതിൽ ആശുപത്രിക്കുള്ളിൽ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച് കയറുകയോ ചെയ്യുന്ന കുറ്റം ഒഴിച്ചാൽ ബാക്കി എല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റങ്ങളാണ്

ഈ നിയമങ്ങൾ ഇങ്ങനെ ഉളളപ്പോഴാണ് ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചവർ ഒരു ശിക്ഷയും ലഭിക്കാതെ അക്രമം വീണ്ടും തുടരുന്നത്. മുൻ കേസുകളിലൊന്നും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നമ്മുടെ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടതോടെ ഒരു വിധ ഭയപ്പാടും ഇല്ലാതെ അതിക്രമങ്ങൾക്ക് പലരും മുതിരുകയാണ്. അതിക്രമങ്ങൾക്ക് ഇരയാകുമ്പോൾ സമരരംഗത്തിറങ്ങുന്ന ഡോക്ടർമാരുടെ കണ്ണിൽ പൊടിയിട്ട് ചില കേസുകളിൽ അറസ്റ്റ് നടക്കുന്നുണ്ടെങ്കിലും പ്രതി സ്ഥാനത്തുള്ളവർ മർദനമേറ്റ ഡോക്ടർമാരേക്കാൾ സുരക്ഷിതരായി പഴുതുകളുണ്ടാക്കി രക്ഷപ്പെടും

ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കില്ല. വിചാരണ വൈകിപ്പിക്കും. ഇങ്ങനെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കും. ഈ സഹായം നൽകുന്നതാകട്ടെ നീതി ഉറപ്പാക്കേണ്ട പൊലീസാണെന്നതാണ് ഏറെ വിചിത്രം. പല പ്രതികൾക്കും രാഷ്ട്രീയ സ്വാധീനം കൂടി ഉണ്ടാകുമ്പോൾ കേസൊക്കെ അതിവേഗം തീരും

സംരക്ഷണ മേഖലയായ ആശുപത്രികളിൽ പക്ഷേ, മെഡിക്കല്‍ കോളേജ് ആശുപത്രികൾ ഒഴികെ അത്യാഹിത വിഭാഗങ്ങളുള്ള മറ്റ് ആശുപത്രികളിലൊന്നിലും പൊലിസ് സംരക്ഷണമില്ല. പലയിടത്തും പേരിനുപോലും സിസിടിവിയുമില്ല. അക്രമം നടന്നാലും തെളിവ് ഇല്ലാതാക്കാൻ ഇതോടെ കഴിയും.ശാസ്ത്രീയ തെളിവ് പലപ്പോഴും ശേഖരിക്കാൻ പൊലീസ് വൈകുന്നതും കേസിൽ തിരിച്ചടിയാകും. 

രോഗീ പരിചരണത്തിന് സുരക്ഷിത സംവിധാനങ്ങൾ ഒരുക്കാനായില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടുന്നത് മികച്ച ചികിൽസ തേടി സർക്കാർ ആശുപത്രികളിലെത്തുന്ന പാവം രോഗികളാണ്. അക്രമം ഭയന്ന് അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടർമാർ റിസ്ക് എടുക്കാൻ തയാറാകാത്ത അവസ്ഥ ഉണ്ടായാൽ നഷ്ടം രോഗികൾക്ക് മാത്രമാകും. 

തെറ്റും വീഴ്ചകളും സംഭവിക്കാത്തവരല്ല ഡോക്ടർമാർ.അവർക്കെതിരെയുള്ള പരാതികൾ നൽകാൻ ഇവിടെ കൃത്യമായ സംവിധാനങ്ങളും ഉണ്ട് . നിയമ വഴി തേടി ശിക്ഷ ഉറപ്പാക്കുന്നതിനു പകരം നിയമം കയ്യിലെടുത്ത് അക്രമം നടത്തിയാൽ ഒരാളുടെ അല്ല , ജീവൻ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലെത്തുന്ന നിരവധി രോഗികളുടെ ചികിൽസ കൂടി ആണ് അവതാളത്തിലാകുന്നത്. 

പൊലീസ് സംരക്ഷണം ഉറപ്പാക്കുക,സിസിടിവികൾ സ്ഥാപിക്കുക,അതിക്രമങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. നിലവിൽ രോഗീപരിചരണത്തെ ബാധിക്കാതെ പ്രതിഷേധിക്കുന്ന ആരോഗ്യ പ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് . 

ഒരു സുരക്ഷയുമില്ലാതെ സംസ്ഥാനത്തെ ആശുപത്രികളിൽ ജോലിയിൽ തുടരാൻ യുവ ഡോക്ടർമാർ മടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംഘടനകൾ പറയുന്നു. ഇങ്ങനെ പോയാൽ വിദഗ്ധ പഠനം കഴിയുന്ന ഡോക്ടർമാർ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറും. നമ്പർ വൺ ആരോഗ്യ മാതൃകയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്നും ഡോക്ടർമാർ ഓർമപ്പെടുത്തുന്നു

ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ സർക്കാരും പൊലീസും ഇനിയും തയാറായില്ലെങ്കിൽ അക്രമങ്ങൾ ഇനിയും തുടരുമെന്നതിൽ സംശയമില്ല. അക്രമം ഉണ്ടായാൽ ഡോക്ടർമാരടക്കം ആരോ​ഗ്യ പ്രവ‍ത്തകർ സമര രം​ഗത്തേക്കിറങ്ങും . അതോടെ ചികിൽസ തേടുന്ന രോഗികൾക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് സ‍‍‍‍ർക്കാർ തിരിച്ചറിയണം.

66 കുഞ്ഞുങ്ങളെ കൊന്ന മരുന്ന്! ഗുണനിലവാരമില്ലെന്ന് കേരളം കേന്ദ്രത്തോട് അന്നേ പറഞ്ഞു, എന്നിട്ടോ?

Follow Us:
Download App:
  • android
  • ios