
ഇടുക്കി: മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞത്. വിനോദ സഞ്ചാരികൾ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് പോകാൻ തുടങ്ങുന്നതിനിടയാണ് സംഭവം. ഇസ്രായേലിൽ നിന്നുള്ള വനിതകളെയാണ് ഡ്രൈവര്‍മാര്‍ തടയാൻ ശ്രമിച്ചത്. ഓൺലൈൻ ടാക്സി ഡ്രൈവർ മൂന്നാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. പിന്നാലെ ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കി. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.
മുന്‍പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പലസ്ഥലങ്ങളിലും പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഗുണ്ടായിസം നടത്തുന്നവരെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും അക്രമികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
അതേ സമയം ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ തല്ലുന്നതിന് ഏക കാരണം സര്‍ക്കാരാണെന്നും ഹൈക്കോടതിയടക്കം ഇടപെട്ടിട്ടും അഗ്രിഗേറ്റര്‍സ് പോളിസി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ലെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ടൂറിസം കേന്ദ്രങ്ങളിലടക്കം വളഞ്ഞിട്ട് തല്ലുന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പല സ്ഥലങ്ങളിലും മര്‍ദ്ദനമേല്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പലരേയും വ്യാജമായി ഓട്ടം വിളിച്ച് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചാണ് സംഘടിതമായി ആക്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam