
കാസർകോട്: പെരിയ ഇരട്ടക്കൊല കേസില്‍ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധന നടത്തി. ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് നടപടി. കേസിൽ മൂന്ന് മാസത്തിനകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ആദ്യ അന്വേഷണസംഘം കണ്ടെടുത്ത വടിവാളുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ള എട്ട് ആയുധങ്ങളാണ് പരിശോധിച്ചത്. ആയുധങ്ങൾ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അനുമതി നൽകണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം ഈ ആവശ്യത്തെ എതിർത്തു. പ്രവർത്തിസമയത്ത് സീൽ പൊട്ടിക്കാതെ പരിശോധിക്കാൻ കോടതി അനുമതി നൽകി. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ ഡോ. എൻ ഗോപാലകൃഷ്ണ പിള്ള കോടതിയിൽ നേരിട്ടെത്തിയാണ് ആയുധങ്ങൾ പരിശോധിച്ചത്.
പ്രതിഭാഗം അഭിഭാഷകന്‍റെ സാനിധ്യത്തിലായിരുന്നു പരിശോധന. കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം, മൂന്ന് മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam