
കൊച്ചി: ഉദ്ഘാടനത്തിന് പിന്നാലെ സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയൽ റണ്ണിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡാമിന് മുകളിൽ സീ പ്ലെയിൻ ഓടിക്കുന്നതിൽ പ്രശ്നമുണ്ടാകില്ല. ഉമ്മൻചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിൻ കൊണ്ടുവന്നപ്പോള്‍ ഇടത് ട്രേഡ് യൂണിയനുകള്‍ സമരം ചെയ്തതിലും റിയാസ് മറുപടി പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തായിരിക്കും പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയുള്ളുവെന്ന് മന്ത്രി റിയാസ് പറഞ്ഞു.
അന്നത്തെ സാഹചര്യം അല്ല ഇന്നുള്ളതെന്നും കേന്ദ്ര നയം തന്നെ മാറിയെന്നും കൂടുതൽ ഉദാരമായെന്നും റിയാസ് പറഞ്ഞു. മറ്റു വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല. യുഡിഎഫ് സര്‍ക്കാര്‍ അന്ന് ചര്‍ച്ചപോലും നടത്താതെയാണ് പദ്ധതി നടപ്പാക്കിയത്. അത് വെറെ സ്ഥലത്താണ് ആരംഭിച്ചത്. ഇതിപ്പോള്‍ കൊച്ചിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സീ പ്ലെയിൻ പദ്ധതി ടൂറിസം മേഖലയുടെ മുഖം മാറ്റും. സാധാരണക്കാര്‍ക്കും ഗ്രൂപ്പ് ട്രിപ്പായി സീ പ്ലെയിനിൽ യാത്ര ചെയ്യാനാകും. കുറഞ്ഞ ചിലവിൽ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam