തൃശൂരിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്; അന്വേഷണം തുടങ്ങി

By Web TeamFirst Published Feb 17, 2020, 2:22 PM IST
Highlights

കാട്ടുതീയില്‍ അകപ്പെട്ട് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇത്. 

തൃശൂർ: തൃശൂർ കൊറ്റമ്പത്തൂരിൽ പടർന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്. ഇക്കാര്യത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പടർന്ന തീ പൂർണമായും അണച്ചു. ജനവാസ കേന്ദ്രങ്ങളിൽ തീ പടരാതിരിക്കാൻ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മനുഷ്യ നിര്‍മിതമാണ് തീ എന്ന് ഉറപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. ഇക്കാര്യം വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. വേണ്ടി വന്നാൽ പൊലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാട്ടിൽ തീ പൂർണമായും അണച്ചു. ചില മറക്കുറ്റികളിൽ നിന്നും തടി കഷ്ണങ്ങളിൽ നിന്നും പുക ഉയരുന്നുണ്ട്. ഇത് അണക്കാൻ 20 അംഗ സംഘത്തെ നിയോഗിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീ അണയ്ക്കുന്നതിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരൻ കൂടിയായ ട്രൈബൽ വാച്ചര്‍ കെ വി ദിവാകരൻ, താൽക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധൻ, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇത്. 

കാട്ടിൽ തീ പൂർണമായും അണച്ചു. ചില മരക്കുറ്റികളിൽ നിന്നും തടി കഷ്ണങ്ങളിൽ നിന്നും പുക ഉയരുന്നുണ്ട്. ഇത് അണക്കാൻ 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, വാച്ചർമാരുടെ മരണ വിവരം അറിഞ്ഞ അയൽവാസി കുഴഞ്ഞു വീണു മരിച്ചു. കൊടുമ്പു സ്വദേശി അയ്യപ്പനാണ് ഇന്ന് രാവിലെ മരിച്ചത്. 

click me!