
തൃശ്ശൂർ: കാട്ടാന ശല്യം രൂക്ഷമായ തൃശ്ശൂർ ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കി ആനകളെ എത്തിക്കാൻ വനംവകുപ്പ്. വയനാട് മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെ ആണ് പാലപ്പിള്ളിയിൽ എത്തിക്കുക. കാട്ടാനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലകളിലെത്തുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കി ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഉത്തരവിറക്കി.
കഴിഞ്ഞ ദിവസം പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിലാണ് കാട്ടാന കൂട്ടമിറങ്ങിയത്. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍.
ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ സ്ഥിരമായി കാടുകയറ്റാനുള്ള നീക്കം വനവകുപ്പ് നടത്തുന്നത്. ആനക്കൂട്ടം തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന വരെ കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാകും.
സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞു; സംഭവം തൃശ്ശൂരില്‍
കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്തു. വില്ല്കുന്ന് റിസർവ് വനത്തോട് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ആന അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുഖം കുത്തി വീഴുകയായിരുന്നു.
നാലുദിവസം മുമ്പ് കാട്ടാനകള്‍ ഈ സ്ഥലത്തെത്തി പന മറിച്ചിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പനമ്പട്ട തിന്നാന്‍ വരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ വൈദ്യുതി വേലി കെട്ടാനെത്തിയ സ്ഥലം ഉടമ യോഹന്നാനാണ് ആന അപകടത്തില്‍പ്പെട്ടത് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കി. ജെസിബി എത്തിച്ച് ആനയെ പുറത്തെടുത്ത് വനത്തിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam