
പാലക്കാട്: വ്യാജ രേഖാ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നൽകും. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതർ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.
അതേസമയം, വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കിൽ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടിൽ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയ കുഴപ്പം ഉണ്ടായിരുന്നു. പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam