വ്യാജരേഖ വിവാദം: പോൾ തേലക്കാടിനെതിരെ ആരോപണം ഉന്നയിച്ച വൈദികന് കാരണം കാണിക്കൽ നോട്ടീസ്

By Web TeamFirst Published May 2, 2019, 5:25 PM IST
Highlights

വ്യാജരേഖ നിർമിച്ചത് ഒരുകൂട്ടം വൈദികർ ഗൂഢാലോചന നടത്തിയാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു, കാരണം കാണിക്കൽ നോട്ടീസ് കിട്ടിയാൽ മറുപടി നൽകുമെന്നും  ഫാദര്‍ ആന്റണി പൂതവേലിൽ

കൊച്ചി: വ്യാജരേഖാ വിവാദത്തില്‍ പോൾ തേലക്കാടിനെതിരെ ആരോപണം ഉന്നയിച്ച ഫാദർ ആന്റണി പൂതവേലിലിനു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വൈദിക സമിതി യോഗത്തിൽ തീരുമാനം.  ഫാദര്‍ ആന്റണി പൂതവേലില്‍ സിനഡ് തീരുമാനം മറികടന്നു മാധ്യമങ്ങളിലൂടെ വൈദികരെ അപകീർത്തിപ്പെടുത്തിയെന്ന് വൈദിക സമിതി നിരീക്ഷിച്ചു.

എന്നാല്‍  വ്യാജരേഖ നിർമിച്ചത് ഒരുകൂട്ടം വൈദികർ ഗൂഢാലോചന നടത്തിയാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുമെന്ന് ഫാദര്‍ ആന്റണി പൂതവേലിൽ പ്രതികരിച്ചു. പോൾ തേലക്കാട് അടക്കം ആരുടെ പേരും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചില്ല, കാരണം കാണിക്കൽ നോട്ടീസ് കിട്ടിയാൽ മറുപടി നൽകുമെന്നും ആന്റണി പൂതവേലില്‍ വ്യക്തമാക്കി. 

വ്യാജ രേഖ നിർമ്മിച്ചതിന്‍റെ ബുദ്ധികേന്ദ്രം പോൾ തേലക്കാടാണെന്നും പതിന‌ഞ്ചോളം വൈദികർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഫാദർ ആന്‍റണി പൂതവേലിൽ നേരത്തെ ആരോപിച്ചിരുന്നു. 2017ൽ തന്നെ വിമത വൈദികർ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നും കർദ്ദിനാളിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വൈദികൻ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായും ഫാദർ ആന്റണി പൂതവേലിൽ വെളിപ്പെടുത്തിയിരുന്നു. 
 

click me!