
കൊച്ചി: സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്ത്. കർദ്ദിനാളിനും ബിഷപ്പുമാർക്കും സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകൾ വ്യാജമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലെ വൈദികർക്കെതിരെ മൊഴി നൽകുന്നതിന് മകനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് പൊലീസ് പീഡിപ്പിച്ചെന്ന് പ്രതി ആദിത്യന്‍റെ പിതാവ് സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുരിങ്ങൂർ സാന്റോസ് നഗർ പള്ളി വികാരി ഫാദർ ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യൻ വ്യാജ രേഖ നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് അന്വേഷണം ശരിയായദിശയിൽ അല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്ത് ആരോപിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെർവ്വറിലെ സ്ക്രീൻ ഷോട്ട് കൃത്രിമമല്ല. എന്നാൽ കർദ്ദിനാളിനും,ബിഷപ്പുമാർക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.
തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്ന് വൈദികസമിതി അംഗങ്ങൾ തുറന്നടിച്ചു.രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാൻ ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ ആരോപിച്ചു. മകനെ പൊലീസ് മർദ്ദിച്ചെന്നും, ഫാദർ പോൾ തോലക്കാട്, ഫാദർ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ പേരുകൾ പറയണമെന്ന് ഭീഷപ്പെടുത്തിയാണ് മർദ്ദിച്ചതെന്നും പിതാവ് സക്കറിയ ആരോപിച്ചു. കർദ്ദിനാളിനെതിരെ പുറത്ത് വന്നത് വ്യാജ രേഖ അല്ലെന്ന് അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടി നിലപാടെടുക്കുന്നതോടെ വ്യാജ രേഖാ വിവാദം സഭയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam