
കൊല്ലം: കെവിന്‍ വധക്കേസിലെ 37-ാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ചതിന് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ സ്വദേശികളും കെവിന്‍ വധക്കേസിലെ ആറാം പ്രതി മനു, 13-ാം പ്രതി ഷിനു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ കാര്യം രാജേഷ് കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ പുനലൂര്‍ പൊലീസ് കേസെടുത്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കോടതിയില്‍ അപേക്ഷ നല്‍കി. ഇത് അംഗീകരിച്ച കോടതി ഇരുപ്രതികളുടേയും ജാമ്യം റദ്ദാക്കി ഉത്തരവിറക്കി.
കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ,ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ രാജേഷിനോട് വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് മൊഴി നൽകിയിരുന്നു. ഈ മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.
ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിന് സമീപത്ത് വച്ചാണ് മർദ്ദിച്ചതെന്ന് രാജേഷ് കോടതിയിൽ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇവർക്കൊപ്പം മറ്റ് രണ്ട് പേരുമുണ്ടായിരുന്നു. രാജേഷ് സാക്ഷി പറയാൻ കോട്ടയത്തേക്ക് വരുന്നതിനിടെയുണ്ടായ സംഭവത്തിൽ പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു പ്രതികൾ ജാമ്യവസ്ഥ ലംഘിച്ചുവെന്നും സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും പ്രോസിക്യുഷൻ വാദിച്ചു.
കേസിൽ ഇതുവരെ ഏഴ് സാക്ഷികൾ മൊഴി മാറ്റിയിരുന്നു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷൻ ആലോചിക്കുന്നുണ്ട്. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിൻ, ഫസിൽ എന്നിവരെ കോടതിയില്‍ രാജേഷ് തിരിച്ചറിഞ്ഞു. ഇതിനിടെ കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ കോടതിയിൽ ഹാജരായി മൊഴി നൽകി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam