
കൊടുങ്ങല്ലൂര്‍: നിരപരാധിത്വം തെളിയിക്കാന്‍ മൂന്ന് പതിറ്റാണ്ട് കോടതി കയറിയ കഥയാണ് കൊടുങ്ങല്ലൂരിലെ ബാങ്ക് ജീവനക്കാരനായിരുന്ന എം.കെ. സുരേന്ദ്ര ബാബുവിന്‍റെ ജീവിതം. ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ഒരു സ്ത്രീ നടത്തിയ തട്ടിപ്പാണ് സുരേന്ദ്ര ബാബുവിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ആത്മഹത്യ ചെയ്യില്ലെന്ന് മകള്‍ക്ക് നല്‍കിയ വാക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നത് വരെ പിടിച്ച് നില്‍ക്കാന്‍ കാരണമായതെന്ന് സുരേന്ദ്ര ബാബു പറയുന്നു. ഒടുവില്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് നഷ്ടമായത് മുപ്പത് വര്‍ഷത്തോളം.
കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് തിരുവഞ്ചിക്കുളം ബ്രാഞ്ച് മാനേജരായിരുന്നു സുരേന്ദ്ര ബാബു. 28 കൊല്ലത്തെ നിയമ പോരാട്ടം വിജയിച്ച് കരുമാത്രയിലെ വീട്ടിലിരിക്കുമ്പോള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഇക്കാലത്തിനിടെ ഏല്‍ക്കേണ്ടി വന്നത് അപമാനവും കുറ്റപ്പെടുത്തലുകളും സാമ്പത്തിക പ്രതിസന്ധിയും എല്ലാമടങ്ങിയ ദുരിത ജീവിതം. 1994 -നാണ് അദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്.
വനജ നായര്‍ എന്ന സ്ത്രീ പല തവണയായി പണയം വച്ച് ബാങ്കില്‍ നിന്ന് മൂന്നുലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ വായ്പയെടുത്തിരുന്നു. അപ്രൈസറുടെ സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ മാനേജര്‍ ലോണ്‍ നല്‍കി. പണയം കുടിശ്ശികയായി. തുടര്‍ന്ന് ഇത് ലേലത്തില്‍ വച്ചപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമെന്നറിയുന്നത്. പൊലീസ് കേസെടുത്തെങ്കെങ്കിലും പ്രതി പിടികിട്ടാപ്പുള്ളിയായി. സുരേന്ദ്ര ബാബു പണം തിരികെയടയ്ക്കണമെന്ന ബാങ്ക് തീരുമാനത്തോടെയാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്. മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഒടുവില്‍ കഴിഞ്ഞ ദിവസം കുറ്റവിമുക്തനുമാക്കി. ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഇനിയൊരു നിമയ പോരാട്ടത്തിന് ബാല്യമില്ലെന്നും കൈകൂപ്പി ബാങ്കിനോട് അഭ്യര്‍ഥിക്കുന്നു ഈ എഴുപതുകാരന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam