
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പ്രമുഖ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ സ്വീകരണ യോഗത്തിൽ കെപി അനിൽകുമാറിന്റെ പ്രസംഗം. കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വിഡി സതീശനെയും അടക്കം വിമർശിച്ചു. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തിൽ പറഞ്ഞു.
'താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. നേരത്തെ പാർട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബർ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായത്. താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ പാർട്ടി വിട്ടത്.'
'കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ മുരളിയെ സ്വീകരിക്കുമായിരുന്നു. എകെജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണ്?'-അദ്ദേഹം ചോദിച്ചു.
'സോളാർ കേസിൽ പ്രതിയല്ലാത്തതാണ് കോൺഗ്രസിനെ സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലർ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ ഇ-മെയിൽ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാർലമെന്ററി പാർട്ടിയിൽ 11 വോട്ട് കിട്ടിയിരുന്നു. കോൺഗ്രസ് നശിക്കാതിരിക്കാൻ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം. കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ട്. അതിന് മുൻപ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാർട്ടി വിട്ടത്.' കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്ട്രീയ മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam