കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ലെന്നും എംവി ജയരാജൻ പറഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ലെന്നും രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ലെന്നും എംവി ജയരാജൻ പറഞ്ഞു. ഇപ്പോള്‍ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ല. വെളിപ്പെടുത്തൽ നടത്തിയതിൽ നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞി കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് പരസ്യപ്രസ്താവന. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്.
നടപടിയെടുക്കുന്നതിൽ ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റിയെടുക്കും. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി. മടിയിൽ കനമില്ലെന്നും ആരോപിച്ച വിഷയത്തിൽ നേരത്തെ നടപടിയെടുത്തതാണെന്നും എംവി ജയരാജൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായാണ് എംവി ജയരാജൻ മാധ്യമങ്ങളോട് വിഷയത്തിൽ പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കുഞ്ഞികൃഷ്ണനെതിരായ നടപടിയടക്കം ചര്‍ച്ച ചെയ്യും.
അതേസമയം, പാര്‍ട്ടിക്കാര്‍ക്കിടയിൽ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും എന്ത് നടപടി വന്നാലും നേരിടുമെന്നും പേടിയില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന രീതി പാർട്ടിക്കില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലിൽ എംഎ ബേബിയുടെ പ്രതികരണം. ഇ എം എസ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച ചരിത്രമുണ്ട്. പയ്യന്നൂർ വിഷയത്തിൽ പാർട്ടി നേരത്തെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്. സാമ്പത്തിക ക്രമക്കേട് ആര് നടത്തിയാലും അത് അനുവദിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. അതേസമയം, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ചുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും നടപടി ജില്ലാ ഘടകം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫണ്ട് തിരിമറി പാർട്ടിക്കാര്യം ആണെന്ന് വിചിത്രവാദവും എം വി ഗോവിന്ദൻ ഉന്നയിച്ചു.
ഇതിനിടെ, രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ്- ബിജെപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഏരിയാ സെക്രട്ടറി ഉൾപ്പെടെ 25 പ്രവർത്തകർക്കെതിരെ കേസെടുത്തു. നഗരസഭാ ചെയർമാൻ സരിൻ ശശി കേസിൽ രണ്ടാംപ്രതിയാണ്. അതേസമയം, കുഞ്ഞു വിഎസിന്‍റെയും ഫോട്ടോകൾ ഉൾപ്പെടുത്തി കുഞ്ഞു കൃഷ്ണനെ പിന്തുണച്ച് പോസ്റ്ററുകളും ഫ്ലക്സുകളും പയ്യന്നൂരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചതെന്നും ഇത് സിപിഎമ്മിന്‍റെ അവസാനത്തിന്‍റെ ആരംഭമാണെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉന്നയിച്ച പാർട്ടി നേതാവ് വി കുഞ്ഞികൃഷ്ണൻ വധ ഭീഷണിയിലാണെന്നും ടിപി ചന്ദ്രശേഖരന്‍റെ സ്ഥിതി വരുമെന്ന ആശങ്കയിലാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയ ധനരാജ് വധത്തിൽ ടി ഐ മധുസൂദനനെതിരെ ബി ജെ പി തന്നെ രംഗത്തുവന്നു. ധനരാജ് കൊല്ലപ്പെട്ടത് ടി ഐ മധുസൂദനനുമായി തെറ്റിയതിനുശേഷമാണെന്നാണ് ബി ജെ പിയുടെ ആരോപണം. പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ പ്രതിസ്ഥാനത്ത് ആർ എസ് എസ് പ്രവർത്തകർ ഉണ്ടാകുമായിരുന്നില്ലെന്നും ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ആരോപിച്ചു.



