
കണ്ണൂർ: അനീതിക്കെതിരെയുള്ള പോരാട്ടമാണിതെന്നും കഴിഞ്ഞ നാലര വർഷം പാർട്ടിയിൽ നടത്തിയ പോരാട്ടത്തിന് പരിഹാരം കണ്ടില്ലെന്നും സിപിഎം വിട്ട വി കുഞ്ഞികൃഷ്ണൻ. മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയും. അഴിമതിക്കെതിരെ നടപടി എടുത്താൽ പലർക്കെതിരെയും സിപിഎം നടപടി എടുക്കേണ്ടി വരും. അതുകൊണ്ടാണ് ആരും മിണ്ടണ്ട എന്ന് തീരുമാനിച്ചതെന്നും വി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു വി കുഞ്ഞി കൃഷ്ണൻ.
പോരാട്ടത്തിന് പിന്തുണ നൽകിയ യുഡിഎഫിനെ അഭിനന്ദിക്കുന്നു. നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം. പയ്യന്നൂർ മണ്ഡലത്തിന്റെ ചരിത്രം തിരുത്തണമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ നൽകുന്നുണ്ട്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുഞ്ഞികൃഷ്ണൻ പാർട്ടി വിട്ടത്.
കണ്ണൂരിൽ പാർട്ടിവിട്ട് സ്ഥാനാർഥികളായവർ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തുന്ന ആരോപണങ്ങളിൽ വിയർത്ത് സിപിഎം. എംവി ഗോവിന്ദൻ കറക്കുകമ്പനിയുടെ പിടിയിലാണെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടികെ ഗോവിന്ദൻറെ നിലപാടുകളെ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സിപിഎം വിട്ട് പുറത്തുവന്ന നേതാക്കളുടെ കൂട്ടായ്മ കേരളത്തിലുണ്ടാകുമെന്ന് ആർഎംപിഐ നേതാവ് കെകെ രമയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പിജി സുരേഷ് കുമാറിന് നൽകിയ അഭിമുഖത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചുള്ള ടികെ ഗോവിന്ദൻറെ വാക്കുകൾ. സ്ഥാനാർഥിത്വത്തിൻരെ പേരിൽ സിപിഎം തൻറെ കുടുംബം തന്നെ തകർക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് എംവി ഗോവിന്ദൻ ഭാര്യയെ തളിപ്പറമ്പിൽ തൻറെ പിൻഗാമിയായി സ്ഥാനാർഥിയാക്കിയത്. ജില്ലാ കമ്മിറ്റിയിൽ പിണറായി പങ്കെടുത്തിരുന്നെങ്കിൽ പികെ ശ്യാമള സ്ഥാനാർഥിയാകില്ലായിരുന്നു എന്നും ടികെ ഗോവിന്ദൻ പറഞ്ഞു. എന്നാൽ തൻറെ കൂടി അറിവോടെയാണ് ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് പിണറായി പ്രതികരിച്ചു. കണ്ണൂരും പാലക്കാടും ആലപ്പുഴയിലുമെല്ലാമുണ്ടായ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുമെന്ന രാഷ്ട്രീയ വീക്ഷണമാണ് വടകരയിലെ സ്ഥാനാർഥിയും ആർഎംപിഐ നേതാവുമായ കെകെ രമ ഏഷ്യാനെറ്റ് ന്യൂസിൻറെ പോൾ ഗ്യാലക്സിയിൽ പങ്കുവച്ചത്.
പാർട്ടിയിലെ നയവ്യതിയാനങ്ങളും ഏകാധിപത്യ സ്വഭാവവും മുതൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുവരെ പാർട്ടിവിട്ട് യുഡിഎഫിനൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കൾ അനുദിനം ഉയർത്തുകയാണ്. പാർട്ടിക്ക് പുറത്തുപോയവരെക്കുറിച്ചുള്ള പാർലമെൻററി വ്യാമോഹികളെന്ന വിമർശനം സംഘടനാദൗർബല്യത്തിൻറെ കൂടി ഭാഗമാണെന്ന ആത്മവിമർശനവും സിപിഎമ്മിനുള്ളിൽ ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam