
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ യു ഡി എഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാർഥി എം ലിജു രംഗത്ത്. വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തിരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യു ഡി എഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു, ഖേദവും പ്രകടിപ്പിച്ചു. നേരത്തെ പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഇർഷാദ് ചക്കാലശ്ശേരിയും രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഇർഷാദ് പറഞ്ഞത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് പ്രതിഭയെന്നാണ് യു ഡി എഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ വിവാദ പരാമർശം.
അതേസമയം യു ഡി എഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന പ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.
പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തി. സ്ത്രീ വിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യു ഡി എഫിന്‍റെ തെറ്റിദ്ധാരണയാണ്. വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത് രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണെന്നും “അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യു ഡി എഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam