'നിന്നെ വെള്ളപുതപ്പിക്കുമെന്നായിരുന്നു ഭീഷണി'; ആത്മഹത്യ ചെയ്ത സിപിഎം നേതാവിന്‍റെ ഭാര്യ

By Web TeamFirst Published Jan 13, 2021, 2:24 PM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്ന് പ്രചരിപ്പിക്കുകയും ഒരിക്കൽ കയ്യേറ്റം ചെയ്തതെന്നും കുടുംബം പറയുന്നു.

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ ഭാര്യ. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടൻ ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓമനക്കുട്ടന് സിപിഎം പ്രാദേശിക നേതൃത്വത്തിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാവിലെ ഭാര്യ നടക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി മുൻ ഏരിയ കമ്മറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടൻ ഒരു വർഷത്തോളമായി പാർട്ടിയിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. പ്രമാടം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്ന് പ്രചരിപ്പിക്കുകയും ഒരിക്കൽ കയ്യേറ്റം ചെയ്തതെന്നും കുടുംബം പറയുന്നു.

കള്ളക്കേസില്‍ കുടുക്കുമെന്നും ആർസിബി ഗ്യാസ് ഏജൻസി ജീവനക്കാരൻ ആയിരുന്ന ഓമനക്കുട്ടന്റെ ജോലി കളയുമെന്നും ഭീഷണി ഉയർന്നു. കുറച്ച് ദിവസങ്ങളായി വലിയ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും ഓമനക്കുട്ടന്‍റെ ഭാര്യ ആരോപിച്ചു. ആരോപണങ്ങൾ തള്ളിയ സിപിഎം വോട്ടെണ്ണൽ  ദിവസം സാധാരണ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വാക്ക് തർക്കമുടലെടുക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്ന് പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

click me!