
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. സ്വർണപാളി കേസിലാണ് അറസ്റ്റ്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്.
ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുo ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്. 2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് വേർതിരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam