
തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകുന്നു. ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണവേഷണം അണിഞ്ഞ് പദസഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും ജേക്കബ് തോമസ് മുഴുവൻ സമയ പ്രവര്‍ത്തകനാകുക. പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ൽ ബിജെപിയിൽ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് വിശദീകരിച്ചു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. 1997 മുതലാണ് ആർഎസ്‌എസിൽ ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം പോകുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് താൻ ആർഎസ്‌എസിൽ ചേർന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഗണവേഷം ധരിച്ച് പദസഞ്ചലനത്തിൽ പങ്കെടുക്കുന്നതിലൂടെ ആർഎസ്എസിൽ ഔദ്യോഗിമായി ജേക്കബ് തോമസ് സജീവമാകും. നേരത്തെ ആർഎസ്എസിന്‍റെ ചിലപരിപാടികളിൽ അതിഥിയായി ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. സർവീസിലിരിക്കെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്താണ് ജേക്കബ് തോമസ് ശ്രദ്ധേയനാകുന്നത്. 2021 ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ച് 33000 ത്തിലേറെ വോട്ടുനേടിയിരുന്നു. നിലവിൽ ബിജെപിയുടെ ഭാരവാഹിയല്ല. സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായിരുന്ന ആർ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. മറ്റൊരു ഡിജിപിയായിരുന്ന ടിപി സെൻകുമാർ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചുപ്രവർത്തിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam