'കോടിയേരിയുടെ പ്രമേയത്തിനു മുന്നില്‍ പരിഭ്രാന്തനായത് മറന്നോ മാഷേ' ; കെ.വി.തോമസിനെതിരെ മുന്‍ വിശ്വസ്തന്‍

Published : May 14, 2022, 04:46 PM ISTUpdated : May 14, 2022, 05:10 PM IST
'കോടിയേരിയുടെ പ്രമേയത്തിനു മുന്നില്‍ പരിഭ്രാന്തനായത് മറന്നോ മാഷേ' ; കെ.വി.തോമസിനെതിരെ മുന്‍ വിശ്വസ്തന്‍

Synopsis

"പുതിയ സഖാക്കൾ സ്ഥാനമാനങ്ങൾ പലതും തരും. പക്ഷെ,  കോൺഗ്രസ് അങ്ങക്ക് നൽകിയതിലേറെ അവർക്ക് നൽകാനാവുമോ? "

കോണ്‍ഗ്രസില്‍ നിന്ന് ഇടതു പാളയത്തിലെത്തിയ കെ.വി.തോമസിനെ പഴയ രാഷ്ട്രീയകാലം ഓര്‍മിപ്പിച്ച് മുന്‍ വിശ്വസ്തന്‍. 2001 മുതല്‍ കെ.വി.തോമസിന്‍റെ വിശ്വസ്തനായിരുന്ന കെ.ബി.ജഗദീഷ് കുമാറിന്‍റെ കുറിപ്പാണ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാവുന്നത്. തോമസ് സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സ്റ്റാഫ് അംഗമായിരുന്നു ജഗദീഷ് കുമാര്‍.

ഗോശ്രീ പാലം കൊണ്ടുവന്നപ്പോഴും നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവന്നപ്പോഴും  തോമസിനെതിരെ റിയല്‍ എസ്റ്റേറ്റ് ആരോപണം ഉയര്‍ത്തിയവരാണ് സിപിഎം നേതാക്കള്‍ എന്ന് ജഗദീഷ് സൂചിപ്പിക്കുന്നു. വ്യാജരേഖ കേസില്‍ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോള്‍ കെ.വി.തോമസ് പരിഭ്രാന്തനായി പോയെന്നും മുഖ്യമന്ത്രി എ.കെ.ആന്‍റണിയാണ് തോമസിനെ അന്ന് സംരക്ഷിച്ചതെന്നും ജഗദീഷ് പറയുന്നു.

തോമസ് മാഷുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നങ്ങളും ഇല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വികാരത്തിലാണ് കുറിപ്പ് എഴുതിയതെന്നും ജഗദീഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം;

പ്രിയ തോമസ് മാഷേ,

മനസ്സു വിങ്ങുന്ന വേദനയോടെയാണ്  ഞാനീ കുറിപ്പെഴുതുന്നത്. ഇത്തരമൊരു സാഹചര്യം വേറൊരാൾക്കും ഉണ്ടാവരുതെന്ന പ്രാർത്ഥനയോടെ....

ഇരുപതു വർഷത്തിലേറെ, അങ്ങയുടെ പേ‌ഴ്‌സണൽ അസിസ്‌ററന്റായി, നിഴലായി, അതിലുപരി ഒരു കുടുംബാംഗമായി, സത്യസന്ധമായാണ് ഞാൻ ജോലി ചെയ്തത്. അങ്ങ് എം.പി യായിരുന്നപ്പോഴും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും സംസ്ഥാന മന്ത്രിയായിരുന്നപ്പോഴും ഞാൻ കൂടെ ഉണ്ടായിരുന്നുവല്ലോ. അങ്ങും കുടുംബവും നൽകിയ സ്നേഹവും വിശ്വാസവും എനിക്കെന്നും വിലമതിക്കാനാവാത്ത നിധിയാണ്. അതൊരിക്കലും ഞാൻ  കളങ്കപ്പെടുത്തിയിട്ടില്ല. അതിനുള്ള അവസരം സൃഷ്ടിച്ചിട്ടുമില്ല.

വീക്ഷണം കൊച്ചി ലേഖകനായി ജോലി നോക്കുമ്പോൾ, 2001ൽ ആണല്ലോ ഞാൻ അങ്ങേയോടൊപ്പം ചേരുന്നത്. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ വ്യത്യസ്ത വീക്ഷണം പുലർത്തിയിരുന്ന എന്നെ ഉൾകൊള്ളാനും കൂടെയിരുത്താനും  കാണിച്ച ഹൃദയവിശാലതക്ക് മുന്നിൽ നമിക്കാതെ വയ്യ.

പല പ്രതിസന്ധികൾ ഉണ്ടായെങ്കിലും അങ്ങ് അതൊന്നും കാര്യമാക്കാതെ എന്നെ ചേർത്തുനിർത്തി. അക്കാലത്ത് പലരോടും അങ്ങ് തമാശയായി പറയാറുള്ളത് ഞാൻ ഓർക്കുന്നു: "ജഗദീഷ്  എ ഗ്രൂപ്പാ, പി.ടി.യുടെ ആളാ" എന്നൊക്കെ. മാഷ് പറഞ്ഞത് നൂറു ശതമാനവും നേരു തന്നെയായിരുന്നു. അങ്ങേയുടെ ഒപ്പം ജോലി ചെയ്യുമ്പോഴും, ഞാൻ നേതാവായി കണ്ടതും ആരാധിച്ചതും പി.ടി. തോമസിനെയായിരുന്നു.

അദ്ദേഹത്തിന് കീഴിൽ കെ.എസ്.യു പ്രവർത്തകനായിരുന്നു. ഭാരവാഹിയായിരുന്നു. കെ.എസ്.പി. നേതാവായിരുന്ന മത്തായി മാഞ്ഞൂരാന്റെ ശിഷ്യൻമാർക്ക് മത്തായി എന്നും ആരാധനയും അഭിമാനവുമായിരുന്നുവല്ലോ. അതു പോലെയായിരുന്നു പി.ടി യും. എനിക്ക് മാത്രമല്ല, ഞാനുൾപ്പെട്ട അന്നത്തെ കെ.എസ്.യു.ക്കാർക്ക്. 

അങ്ങ് ഇപ്പോൾ കോൺഗ്രസ് വിട്ട് സി.പി.എം പാളയത്തിൽ എത്തിയിരിക്കുകയാണല്ലോ. അങ്ങക്ക് യാത്രാഭിവാദ്യം നേരാൻ എനിക്കാവില്ല, അത്ര കണ്ട് അങ്ങയെ മാനസികമായും രാഷ്ട്രീയമായും ദ്രോഹിച്ച വരുടെ കൂടാരത്തിലേക്കാണ് പോകുന്നത്. അങ്ങയെ ഫ്രഞ്ച് ചാരൻ എന്നും തിരുത തോമയെന്നും വിളിച്ച് സി.പി.എമ്മുകാർ കൊച്ചി നഗരത്തിലൂടെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ കാഴ്‌ചകൾ മനസ്സിൽ നിന്ന് മായുന്നില്ല. ഫ്രഞ്ച് ചാരക്കേസിൽ അങ്ങ് 35 കോടി രൂപ കോഴ കൈപ്പററിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചത് സി പി എമ്മിന്റെ സമുന്നത നേതാവ് തന്നെയായിരുന്നു എന്ന കാര്യം മറക്കാനാവുന്നില്ല. 

അങ്ങയെപ്പോലെ  ക്ഷമയും പൊറുക്കാൻ മനസുമുള്ള മറ്റൊരാളെ ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടില്ല. അതു കൊണ്ടാവാം മൽസരിച്ച എട്ടു തിരഞ്ഞെടുപ്പുകളിലും എതിരിട്ട അവരുമായി ഈ ജീവിത സായാഹ്നത്തിൽ സന്ധി ചെയ്യാൻ കഴിയുന്നത്. അരനൂറ്റാണ്ട് കാലം ജീവന് തുല്യം സ്നേഹിച്ച് വളർത്തിയ പ്രസ്ഥാനത്തിൽ നിന്ന് വിട പറയാൻ എങ്ങനെ കഴിയുന്നു ? അത്രയും പാരമ്പര്യവും പകിട്ടും പിൻബലവുമില്ലാത്ത എനിക്കത് ചിന്തിക്കാൻ പോലുമാവുന്നില്ല.

പുതിയ സഖാക്കൾ സ്ഥാനമാനങ്ങൾ പലതും തരും. പക്ഷെ,  കോൺഗ്രസ് അങ്ങക്ക് നൽകിയതിലേറെ അവർക്ക് നൽകാനാവുമോ? അങ്ങയോടൊപ്പം ചേർന്നുനിന്നാൽ എനിക്കും ഒരു തൊഴിൽ കിട്ടുമായിരിക്കും. പിറന്ന് വീണത് ഈ പ്രസ്ഥാനത്തിലാണ്. പിച്ചവെച്ചു നടത്തിച്ച്  വളർത്തി വലുതാക്കിയവരെ ഒറ്റശ്വാസത്തിൽ തള്ളാൻ  എനിക്ക് പ്രയാസമുണ്ട്.

കോൺഗ്രസ് വിടാൻ അങ്ങ് പറഞ്ഞ കാരണം 'വികസനം’ ആണ്. ഗോശ്രീ പാലം നിർമ്മിക്കുന്നത് കെ.കരുണാകരനും മക്കളും തോമസ് മാഷും കുറെ സ്ഥലം അവിടെ വാങ്ങിക്കൂട്ടിയത് 
മുതലാക്കാനാണ് എന്ന് പറഞ്ഞു നടന്നത് മാർൿസിററുകാരായിരുന്നു. നെടുമ്പാശ്ശേരിയിൽ കുറെ വയൽ മാഷിനുണ്ട് അത് ഏറ്റെടുപ്പിക്കാനാണ് വിമാനത്താവളം എന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ  സി.പി.എം നേതാക്കൾ നടത്തിയ പത്രസമ്മേളനം ഞാൻ കേട്ടിട്ടുണ്ട്. കൊച്ചിയിലെ സമുന്നതനായ നേതാവ് നടത്തിയ ആ പത്രസമ്മേളനം മാഷ് മറവിക്ക് വിട്ടു കൊടുത്തോ ? അങ്ങനെ പലതും.

2019 ൽ സീറ്റ് നിഷേധിക്കപ്പെട്ടതാണോ മാഷ് പാർട്ടി വിടാനുള്ള കാരണം ?. 1984 ൽ സേവ്യർ അറക്കലിന് കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചില്ലേ ? താമസിയാതെ അദ്ദേഹം കോൺഗ്രസ് വിട്ട് ഇടതുപക്ഷ പാളയത്തിലെത്തി,1996 ൽ അങ്ങയെ തോൽപ്പിച്ചില്ലേ ? അറക്കലിന്റെ വഴിയല്ല നമ്മുടേത്, അതല്ല നമ്മുടെ രീതി. കോൺഗ്രസ് സംസ്കാരവും ചിന്തയുമുള്ള അങ്ങക്ക് പുതിയ മേച്ചിൽപ്പുറം വീർപ്പുമുട്ടലുണ്ടാക്കും. തീർച്ച.

പിണറായി വിജയനെ അങ്ങ് വളരെയേറെ പുകഴ്‌ത്തുന്നതു കേട്ടു. പാർലമെന്റിൽ അങ്ങ് കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാനിയമം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് പറഞ്ഞത് പിണറായിയായിരുന്നു.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റേഷൻ വിതരണം തടസ്സപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:  സംസ്ഥാനത്ത് നിന്നുള്ള ഒരു കേന്ദ്ര മന്ത്രി വെച്ച പാരയാണ്  കേരളീയർ അനുഭവിക്കുന്നത്.

അങ്ങ് കോൺഗ്രസ് വിട്ടതിൽ  വേദനിക്കുന്നവർ ഒട്ടേറെയാണ്. അതിൽ ഒന്നാം സ്ഥാനത്ത് ഞാൻ തന്നെ. സ്ഥാനങ്ങളോ അംഗീകാരമോ അല്ല, നമ്മളെ എല്ലാം ഒന്നിച്ചു നിർത്തുന്ന സംസ്ക്കാരവും ഊർജമാണ് കോൺഗ്രസ്. കെ. കരുണാകരൻ ഡി. ഐ. സി ഉണ്ടാക്കി കോൺഗ്രസ്സിനെ വെല്ലുവിളിച്ചപ്പോഴും മാഷ് അണുവിടപോലും മാറിച്ചിന്തിച്ചില്ല. അദ്ദേഹം പിണറായിയുമായി അനൗദ്യോഗികമായി  സീററു ചർച്ചകൾ വരെ നടത്തിയപ്പോഴും, കരുണാകരന്റെ കൈപിടിച്ച് രാഷ്ട്രീയത്തിൽ വളർന്ന അങ്ങ് ഉറച്ചു നിൽക്കുകയായിരുന്നു കോൺഗ്രസ്സിൽ.അന്ന് ഉയർത്തി പിടിച്ച ആ സംസ്കാരം കൈവിട്ടു പോയോ? 

വിഴിഞ്ഞം  തുറമുഖ വികസനം സംബന്ധിച്ച് ഗുജറാത്ത് വ്യവസായി അദാനിയുമായി  സംസാരിച്ചപ്പോൾ സി.പി.എം നേതാക്കൾ അങ്ങയെ വിളിച്ചത് ദല്ലാൾ എന്നാണ്. കൊച്ചി മെട്രോ പേരിൽ അങ്ങയെ പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്തത് ആരായിരുന്നു. പച്ചാളം പാലത്തിന്റെ പേരിൽ അങ്ങയെ പഴിച്ച സി.പി.എം നേതാക്കൾ കഴിഞ്ഞ ദിവസം തൊട്ടടുത്തുണ്ടായിരുന്നുവല്ലോ.

2001മുതലുള്ള എല്ലാ തിരഞ്ഞെടുപ്പിന്റെയും അണിയറയിൽ ഞാനുണ്ടായിരുന്നു. എത്രയോ സ്ഥലങ്ങളിൽ അങ്ങയുടെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രകൾ സി.പി.എമ്മുകാർ തടഞ്ഞിരിക്കുന്നു. കോൺഗ്രസുകാരൻ എന്നതിലുപരി  സി.പി.എം നേതാക്കൾക്ക്  അങ്ങയോട് വ്യക്തി വിരോധം തന്നെയുണ്ടായിരുന്നു. അതൊരു വസ്തുതയാണ്. ഇപ്പോൾ എല്ലാം അങ്ങ് സൌകര്യപൂർവം മറക്കുന്നു.

ശോഭനാ ജോർജ്ജ്  ഉൾപ്പെട്ട വ്യാജരേഖക്കേസിൽ അങ്ങയെ പ്രതിക്കൂട്ടിലാക്കി കോടിയേരി ബാലകൃഷ്ണൻ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. അതേപ്പററി ഒന്നും അറിയാതിരുന്ന മാഷ് സഭയിലിരുന്ന് പരിഭ്രാന്തനായത് എന്റെ കൺ മുന്നിലുണ്ട്. അന്ന് മുഖ്യമന്ത്രി ആന്റണി കൂടെച്ചേർത്ത് നിർത്തിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ആന്റ്ണിക്ക് അറിയാമായിരുന്നു അങ്ങ് നിരപരാധിയാണെന്ന്. പ്രമേയം അവതരിപ്പിച്ച കോടിയേരി ഫ്രഞ്ച് കേസ്സും, മഴനൃത്തവുമൊക്കെ അങ്ങയുടെ തലയിൽ വച്ചു കെട്ടി. അങ്ങയെ വ്യക്തിപരമായും ആക്രമിച്ചു. എന്നിട്ടും അങ്ങ് അങ്ങോട്ട് പോയി... 

രാഷ്ട്രീയ പ്രവർത്തനം കേരളത്തിൽ ഇനിയും പൂർണ്ണമായും വാണിജ്യവൽക്കരിക്കപ്പെട്ടില്ലെന്ന് വിശ്വാസിക്കാൻ ആണ് എനിക്കാഗ്രഹം. അങ്ങനെയുള്ളവർ ഉണ്ടാവാം. ആ ഗണത്തിലല്ല നമ്മൾ കോൺഗ്രസ്സുകാർ.

അങ്ങയോടൊപ്പം  ജോലിചെയ്ത കാലത്തെ ഒരുപിടി നല്ല ഓർമ്മകളുണ്ട്. രാഷ്ട്രീയാന്തപ്പുരങ്ങളിൽ പല കാഴ്ചകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതെല്ലാം ഒരിക്കൽ ഈ മണ്ണിൽ അലിഞ്ഞ് ചേരും.

ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന്  സ്വപ്നത്തിൽപ്പോലും കരുതിയതല്ല. എനിക്ക് പ്രസ്ഥാനത്തോടുള്ള കൂറും വിശ്വാസവും വെളിപ്പെടുത്തേണ്ട സാഹചര്യത്തിൽ ഇതേ വഴിയുള്ളു. സംശയത്തിന്റെ കണ്ണ് എനിക്കുനേരെ തിരിയരുതെന്ന് ആഗ്രഹമുണ്ട്. അതു കൊണ്ട് മാത്രം ഞാനിത് കുറിക്കുന്നു.

കോൺഗ്രസുകാരനായതു കൊണ്ടാണ് അങ്ങ് എന്നെ ഉൾക്കൊണ്ടത് എന്നെനിക്കറിയാം. കോൺഗ്രസുകാരനായി നിലകൊള്ളാൻ ഞാൻ ഇനിയും ആഗ്രഹിക്കുന്നു. 

എന്തെങ്കിലും ഒരു സ്ഥാനം നേടാനോ ആരുടെയെങ്കിലും താൽപ്പര്യത്തിലോ അല്ല ഈ കുറിപ്പ്. 
 ഈ കുറിപ്പ് അങ്ങയേയോ കുടുംബത്തെയോ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു. 
എന്റെ സാഹചര്യം അങ്ങയ്‌ക്കും മനസ്സിലാവുമല്ലോ.

സ്നേഹവും വ്യക്തി ബന്ധവും ഇനിയും നില നിൽക്കും 
 
ആദരപൂർവം,

ടി.ബി.ജഗദീഷ് കുമാർ

'ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേ', കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു': വിഡി സതീശൻ 

'ഇത് ഒരു തരം സിൻഡ്രം'; കെ റെയില്‍ വിഷയത്തില്‍ കെ വി തോമസിന്‍റെ രണ്ട് നിലപാടുകള്‍ ചോദ്യം ചെയ്ത് ടി സിദ്ദിഖ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്തെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരന്‍റെ മരണം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭരണ സമിതി
കേരളത്തിൽ ഉഷ്ണ തരംഗം, എങ്ങനെ നേരിടാം, നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി