
ബെംഗളൂരു: ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്സിജി ക്യാൻസർ സെന്ററിലെ ഡോക്ടർമാർ അറിയിച്ചതായി മകൻ ചാണ്ടി ഉമ്മൻ. എച്ച്സിജി ക്യാൻസർ സെന്ററിലെ ഡോക്ടർമാർ ഉമ്മൻചാണ്ടിയെ പരിശോധിച്ചു. ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ ഉമ്മൻ ചാണ്ടിക്കുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. തുടര്‍ചികിത്സ സംബന്ധിച്ച് നാളെ ഡോക്ടര്‍മാര്‍ യോഗം ചേരുമെന്നും ഉമ്മൻചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ അറിയിച്ചു.
ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി തുടർചികിത്സകൾ എങ്ങനെ വേണമെന്ന് നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കും. കൊച്ചിയിലെ ഒരു സംഘം ഡോക്ടർമാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. ഇന്ന് ഉച്ചയോടെ തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവില്‍ എത്തിച്ചത്.
ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സര്‍ക്കാരിന്‍റെ മെഡിക്കല്‍ ബോര്‍ഡും തുടര്‍ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്‍കിയത്. മൊബൈല്‍ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലന്‍സ് ഒരുക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം കാറിലായിരുന്നു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര. ബെന്നിബെഹ്നാന്‍, പിസി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു. ചികിത്സയക്കുറിച്ചുണ്ടായ വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam